ടെന്‍ഡറില്ലാതെ 977കോടിയുടെ പ്രവൃത്തി: മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന്

പാലക്കാട്: വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ 977.7 കോടി രൂപയുടെ പ്രവൃത്തി നല്‍കിയതില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്‍െറ പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് കണ്ണമ്പള്ളിയും ജനറല്‍ സെക്രട്ടറി വി. ഹരിദാസും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് സെക്രട്ടറി 2016 ഫെബ്രുവരി 20ന് ഇറക്കിയ ഉത്തരവ് പ്രകാരം 450 കോടി രൂപ അടങ്കല്‍ വരുന്ന നാടുകാണി-വഴിക്കടവ്-വേങ്ങര-തിരൂരങ്ങാടി റോഡ്, 146.50 കോടി രൂപ അടങ്കല്‍ വരുന്ന വലിയഴീക്കല്‍ പാലം, 237.20 കോടിയുടെ അടങ്കല്‍ വരുന്ന ഹില്‍ ഹൈവേ, ചെറുപുഴ-വെള്ളിത്തോട് റോഡ് എന്നിവയുടെ പ്രവൃത്തികളാണ് ടെന്‍ഡര്‍ ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയത്. ആകെ 977.7 കോടി രൂപയുടെ അടങ്കലാണിത്. 12 ദിവസത്തിനുള്ളില്‍ ഈ പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭ്യമാക്കി. ഇതിലൂടെ സംസ്ഥാന സര്‍ക്കാറിന് 100 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് അവര്‍ ആരോപിച്ചു. ഇതിന് പുറമെ ടെന്‍ഡറില്ലാതെ പ്രവൃത്തി ഏല്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 20 അക്രഡിറ്റഡ് ഏജന്‍സികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. അക്രഡിറ്റഡ് ഏജന്‍സികള്‍ക്കും ഗുണഭോക്തൃ സമിതികള്‍ക്കും ടെന്‍ഡറില്ലാതെ പണികള്‍ നേരിട്ട് നല്‍കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മേയ് 31ന് കരാറുകാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ജോജി ജോര്‍ജ്, ട്രഷറര്‍ ആര്‍. കര്‍ണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.