ദുഷ്പേര് മാറിയെങ്കിലും ഇനിയും പരിശ്രമം അനിവാര്യം

പാലക്കാട്: സംസ്ഥാനത്ത് എറ്റവും പിന്നാക്കമെന്ന ദുഷ്പേര് മാറ്റിയെടുക്കാനുള്ള കഠിനപരിശ്രമം വിജയം കണ്ടെങ്കിലും വിജയശതമാനത്തിലുണ്ടായ കുറവ് ഇക്കുറി പോരായ്മയായി. കഴിഞ്ഞ വര്‍ഷം 14ാം സ്ഥാനത്തുതന്നെ ആയിരുന്നെങ്കിലും 97.16 ശതമാനം വിജയം എന്ന റെക്കോഡ് നേട്ടമാണ് ജില്ലക്കുണ്ടായത്. ഇക്കുറി 3.18 ശതമാനത്തിന്‍െറ കുറവുണ്ടായത് പിന്നാക്കംപോക്കായി വ്യാഖ്യാനിക്കാമെങ്കിലും മോഡറേഷന്‍െറ അഭാവം മൂലം മൊത്തത്തില്‍ വിജയശതമാനത്തിലുണ്ടായ കുറവാണ് ജില്ലക്ക് ദോഷകരമായത്. ചില സ്കൂളുകളുടെ മോശം പ്രകടനവും തിരിച്ചടിയായി. ജില്ലയില്‍ സംസ്ഥാന ശരാശരിയേക്കാള്‍ വിജയശതമാനമുള്ള 95 സ്കൂളുകളും ജില്ലാ ശരാശരിയേക്കാള്‍ വിജയമുള്ള 133 സ്കൂളുകളുമുണ്ട്. ഒറ്റപ്പാലം, മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചില സ്കൂളുകളാണ് നിറം മങ്ങിയത്. സര്‍ക്കാര്‍ സ്കൂളുകള്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ ചില എയ്ഡഡ് സ്കൂളുകള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതെ പോയി. നൂറുമേനി സ്കൂളുകള്‍ ഇക്കുറി മുന്‍ വര്‍ഷത്തേക്കാള്‍ 14 എണ്ണം കുറവാണ്. അട്ടപ്പാടിയിലെ പുതൂര്‍, ഷോളയൂര്‍ സ്കൂളുകളില്‍ വിജയശതമാനം 70 ശതമാനത്തില്‍ താഴെ പോയത് ചീത്തപ്പേരുണ്ടാക്കി. അതേസമയം, സമ്പൂര്‍ണ എ പ്ളസുകാരുടെ എണ്ണം മൂന്ന് വര്‍ഷത്തിനകം ഇരട്ടിയായത് കുട്ടികളുടെ പഠനനിലവാരം ഉയരുന്നുവെന്നതിന്‍െറ സൂചനയാണ്. ‘വിജയശ്രീ’ പദ്ധതി വഴി ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും നടത്തിയ ഇടപെടല്‍ പിന്നാക്കമേഖലയിലെ വിജയത്തില്‍ നിര്‍ണായകമായി. ജില്ലാ പഞ്ചായത്ത് അര ക്കോടിയോളം രൂപയാണ് പ്ളാന്‍ഫണ്ടില്‍നിന്ന് ചെലവഴിച്ചത്. പാലക്കാട് നഗരസഭയുടെ വിദ്യാദീപം പദ്ധതിയടക്കം തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രാദേശികമായി നല്‍കിയ പിന്തുണ ഗുണം ചെയ്തു. ഒറ്റപ്പാലം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എം.എല്‍.എമാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ പദ്ധതികളും പഠനമുന്നേറ്റത്തിന് സഹായകരമായി. പി.ടി.എയുടെ കൂട്ടായ പ്രവര്‍ത്തനത്തില്‍ ഇത്തവണ ചില സ്കൂളുകള്‍ മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ ചിലത് പിന്നാക്കം പോയി. ചില മേഖലകളില്‍ സാമ്പത്തിക ബുദ്ധിമുട്ട് വിജയത്തെ ബാധിച്ചു. കഞ്ചിക്കോട്, ആയക്കാട്, വണ്ണാമട, പുതുപ്പരിയാരം, വെണ്ണക്കര, ആനക്കല്‍, തേങ്കുറുശ്ശി, പെരുവെമ്പ് തുടങ്ങിയ മേഖലയിലെ സ്കൂളുകള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ളെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.