റേഷന്‍ കടകള്‍ വഴി ഒക്ടോബര്‍ അഞ്ചുമുതല്‍ കാര്‍ഡ് തിരുത്താം

പാലക്കാട്: പുതിയ റേഷന്‍കാര്‍ഡില്‍ തിരുത്തല്‍ വരുത്താന്‍ ഒക്ടോബര്‍ അഞ്ചുമുതല്‍ റേഷന്‍കടകള്‍ വഴി അവസരം നല്‍കുമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസനസമിതിയില്‍ ജില്ലാ സപൈ്ള ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ 21.50 രൂപ നിരക്കില്‍ നെല്ല് സംഭരിക്കുന്നതിനും നടപടിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 19 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. 21.50 രൂപ നിരക്കില്‍ നെല്ല് സംഭരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അനുമതിയായിട്ടുണ്ട്. ഉത്തരവ് ലഭിക്കുന്ന മുറക്ക് കൂടിയ നിരക്ക് കര്‍ഷകര്‍ക്ക് നല്‍കും. ഒക്ടോബര്‍ ഒന്നുമുതല്‍ ഒന്നാംവിള നെല്ല് സംഭരിച്ചുതുടങ്ങും. മണ്ണാര്‍ക്കാട് പാലക്കയം മേഖലയില്‍ 1971നുമുമ്പ് പട്ടയം ലഭിച്ച 250ഓളം കുടുംബങ്ങളോട് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായി കെ. വിജയദാസ് എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. എന്നാല്‍, ഇത് തെറ്റായ വിവരമാണെന്നും ഇക്കാര്യം അന്വേഷിക്കാമെന്നും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ യോഗത്തില്‍ അറിയിച്ചു. എം.എല്‍.എ-എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുകളിലെ യഥാര്‍ഥ കണക്ക് മാര്‍ച്ചിന് മുമ്പ് അറിയിക്കണമെന്നും ഈ തുകക്കനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും എം. ചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഗ്രന്ഥശാല സംഘത്തില്‍ അഫിലിയേറ്റ് ചെയ്ത വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍, പുസ്തകം എന്നിവ വാങ്ങുന്നതിന് എം.എല്‍.എ-എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് തുക അനുവദിക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് എം.എല്‍.എമാരായ സി.പി. മുഹമ്മദ്, എം. ചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എസ്.സി-എസ്.ടി ഫണ്ടുകള്‍ എത്ര ചെലവഴിച്ചുവെന്നത് വ്യക്തമായി അറിയണമെന്ന് കെ. വിജയദാസ് എം.എല്‍.എ പറഞ്ഞു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളും എസ്.സി-എസ്.ടി ഫണ്ട് വേണ്ട വിധത്തില്‍ ചെലവഴിച്ചിട്ടില്ളെന്നും എം.എല്‍.എ അറിയിച്ചു. മംഗലം ഡാം കുടിവെള്ള പദ്ധതി നടപ്പാക്കാത്തത് ഇറിഗേഷന്‍ വകുപ്പ് വാട്ടര്‍ അതോറിറ്റിക്ക് സ്ഥലം വിട്ടു നല്‍കാത്തതിനാലാണെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ പദ്ധതിക്കായി 86 കോടി അനുവദിച്ചിട്ടുണ്ട്. നാല് പഞ്ചായത്തുകള്‍ക്ക് ഈ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കും. അട്ടപ്പാടിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാണ്. മേഖലയില്‍ വീട് നിര്‍മിക്കുന്നതിനുവേണ്ടിയുള്ള കരിങ്കല്ല്, പാറപ്പൊടി, മണല്‍ എന്നിവക്ക് ക്ഷാമം നേരിടുന്ന അവസ്ഥയുണ്ട്. ഇതിന് ജില്ലാ ഭരണകൂടം ഇടപെടണമെന്ന് എന്‍. ഷംസുദ്ദീന്‍, കെ. വിജയദാസ് എം.എല്‍.എ എന്നിവര്‍ അറിയിച്ചു. ആലത്തൂര്‍ താലൂക്കാശുപത്രിയില്‍നിന്ന് ഗൈനക്കോളജിസ്റ്റിനെ മാനന്തവാടിയിലേക്ക് മാറ്റിയതിനെകുറിച്ച് സമിതിയില്‍ എം. ചന്ദ്രന്‍ എം.എല്‍.എ പരാതിപ്പെട്ടു. ഉടനെ നിയമിക്കാനുള്ള നടപടിയെടുക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ നടത്തുന്ന വാഹനപരിശോധന ഒഴിവാക്കണമെന്ന് കെ. വിജയദാസ് എം.എല്‍.എ ആവശ്യപ്പെട്ടു. പ്രശ്നം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. വികസന സമിതിയില്‍ എ.ഡി.എം യു. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.പി. മുഹമ്മദ്, എന്‍. ഷംസുദ്ദീന്‍, എം. ചന്ദ്രന്‍, കെ. വിജയദാസ്, പി.എ. സലാം മാസ്റ്റര്‍, സബ് കലക്ടര്‍ പി.ബി. നൂഹ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ യു. ഗീത എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.