സംസ്ഥാന പാതയില്‍ കെണിയൊരുക്കി ആഴക്കുഴികള്‍

ഒറ്റപ്പാലം: കോടികള്‍ ചെലവിട്ട് നിര്‍മിച്ച പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിലെ ആഴക്കുഴികള്‍ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മാസങ്ങളായി പാതയില്‍ രൂപംകൊണ്ട കുഴികള്‍ നികത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ജല അതോറിറ്റിയുടെ ഭൂഗര്‍ഭ പൈപ്പുകള്‍ തകര്‍ന്നും മഴ പെയ്തും വെള്ളം മൂടി കിടക്കുന്നതിനാല്‍ യാത്രക്കാര്‍ വഴിയും കുഴിയും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. കുളപ്പുള്ളി, വാണിയംകുളം, കണ്ണിയംപുറം, ഒറ്റപ്പാലം മാര്‍ക്കറ്റ് കോംപ്ളക്സ്, മായന്നൂര്‍ പാലം ജങ്ഷന്‍, ഈസ്റ്റ് ഒറ്റപ്പാലം 19ാം മൈല്‍ തുടങ്ങിയ പ്രദേശങ്ങളിലെ കുഴികള്‍ ഇതില്‍ ചിലതുമാത്രമാണ്. പാതയുടെ തകര്‍ച്ച പരിഹരിക്കാന്‍ വീണ്ടും റീ ടാര്‍ ചെയ്യുമെന്ന് ഇക്കഴിഞ്ഞ മേയില്‍ പ്രഖ്യാപനം വന്നിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. കുഴികളില്‍ അപകടത്തില്‍പെടുന്നത് ഏറെയും ബൈക്ക് യാത്രികരാണ്. നഗരസഭാ മാര്‍ക്കറ്റിന് മുന്നിലെ കുഴിയില്‍ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഇതിലെ കുട്ടിക്ക് പരിക്കേറ്റത് ചൊവ്വാഴ്ച വൈകീട്ടാണ്. കെ.എസ്.ടി.പി രണ്ട് വര്‍ഷം മുമ്പാണ് റോഡ് നിര്‍മാണം പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പിന് ഹൈവേ കൈമാറിയത്. അറ്റകുറ്റപ്പണി നടത്താന്‍ കെ.എസ്.ടി.പി എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ടെങ്കിലും ഫണ്ട് ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് വിവരം. വര്‍ഷങ്ങളെടുത്ത് നിര്‍മിച്ച സംസ്ഥാന പാതക്ക് അഴുക്കുചാല്‍ പൂര്‍ത്തിയാക്കാത്തതും മറ്റൊരു ഭീഷണിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.