വേലായുധന്‍ നായരുടെ ദാന ഭൂമിയില്‍ ആയുര്‍വേദ ആശുപത്രിക്ക് ശിലയിട്ടു

ഒറ്റപ്പാലം: ആയുര്‍വേദ ശിരോമണി വേലായുധന്‍ നായരുടെ അന്ത്യാഭിലാഷം യാഥാര്‍ഥ്യമാകുന്നു. പതിറ്റാണ്ട് മുമ്പ് വേലായുധന്‍ നായര്‍ ഒസ്യത്ത് പ്രകാരം സര്‍ക്കാറിന് ദാനം ചെയ്ത 15 സെന്‍റില്‍ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം എം. ഹംസ എം.എല്‍.എ നിര്‍വഹിച്ചു. മാതാവായ പണ്ടാരത്തില്‍ മാധവി അമ്മയുടെ സ്മാരകമായി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി നിര്‍മിക്കണമെന്ന ഏക നിര്‍ദേശമാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തു വകകളുടെ ദാന പത്രത്തില്‍ വേലായുധന്‍ നായര്‍ ആവശ്യപ്പെട്ടത്. ഒസ്യത്ത് എഴുതി ഏതാനും മാസങ്ങള്‍ക്കകം 2006 ഏപ്രില്‍ നാലിന് അദ്ദേഹം ജീവിതത്തോട് വിട വാങ്ങി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചതാണ് പദ്ധതിക്ക് തുണയായത്. ആദ്യഘട്ടത്തില്‍ ഒരു നില കെട്ടിടമാണ് നിര്‍മിക്കുക. 3100 ച. അടി വിസ്തൃതിയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ആശുപത്രിയില്‍ ശൗചാലയ സഹിതമുള്ള രണ്ട് വാര്‍ഡുകളും ഡോക്ടര്‍മാര്‍ക്കുള്ള മുറികളും നഴ്സിങ് വിഭാഗം, ഫാര്‍മസി മുറികള്‍, പഞ്ചകര്‍മ തിയേറ്റര്‍, മരുന്നു നിര്‍മാണ ശാല തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി. സുബൈദ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.