നെല്‍കൃഷിയിടത്തില്‍ മൃഗങ്ങളുടെ വിളയാട്ടം

മുണ്ടൂര്‍: ഒരു മാസക്കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും ചെറുമലയുടെ താഴ്വാര പ്രദേശമായ മോഴിക്കുന്നത്തും പരിസരപ്രദേശങ്ങളിലും കാട്ടാനകള്‍ വിളവെടുക്കാന്‍ പാകമായ നെല്‍കൃഷി നശിപ്പിച്ചു. പുത്രപ്പാടം പാടശേഖരത്തിലെ എം.എം. ശ്രീകൃഷ്ണന്‍െറ നെല്‍വയലുകളിലൊന്നിലാണ് കാട്ടാന ഇറങ്ങിയത്. തിങ്കളാഴ്ച നേരം പുലര്‍ന്നപ്പോഴാണ് കാട്ടാന കൃഷി നശിപ്പിച്ചത് കര്‍ഷകര്‍ അറിയുന്നത്. വന്യമൃഗശല്യം തടയാന്‍ കര്‍ഷകര്‍ സ്വന്തം ചെലവിലാണ് സൗരോര്‍ജ വേലി സ്ഥാപിച്ചത്. വേലിക്കിടയിലെ പഴുതിലൂടെയാണ് കാട്ടാനകള്‍ പാടത്തിറങ്ങിയത്. ഒരാഴ്ച കഴിഞ്ഞാല്‍ കൊയ്യാവുന്ന പാടത്താണ് കാട്ടാനകളുടെ പരാക്രമം. ഒരു മാസം മുമ്പ് ഒടുവങ്ങാടും മോഴിക്കുന്നത്തും വയല്‍ വരമ്പുകള്‍ കാട്ടാന ചവിട്ടി തകര്‍ത്തിരുന്നു. കുഴല്‍മന്ദം: കൊയ്ത്തിന് പാകമായ നെല്‍പാടങ്ങളില്‍ പന്നിക്കൂട്ടം ഇറങ്ങി നാശം വിതക്കുന്നു. രാത്രിയാണ് പന്നികള്‍ എത്തുന്നത്. വിളക്ക് കാവല്‍ നില്‍ക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. കൂട്ടമായി എത്തുന്ന പന്നികളെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ക്കാവുന്നില്ല. നേരത്തേ കാടിനോട് ചേര്‍ന്ന പാടങ്ങളിലാണ് പന്നിശല്യമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാ മേഖലയിലും പന്നികള്‍ എത്തി വിളകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.