ഒറ്റപ്പാലം താലൂക്ക് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി: നിക്ഷേപകര്‍ പണം തിരികെ കിട്ടാന്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നു

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറ്റപ്പാലം താലൂക്ക് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവര്‍ ദുരിതത്തില്‍. സൊസൈറ്റി തകര്‍ന്നതോടെ പണം തിരികെ കിട്ടാതെ നിക്ഷേപകര്‍ കോടതിയും സഹകരണ അസി. രജിസ്ട്രാറുടെ ഓഫിസുകളും കയറിയിറങ്ങുന്നു. നൂറുകണക്കിനാളുകള്‍ ചെറുതും വലുതുമായ തുകകള്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. 12 ലക്ഷം രൂപവരെ നിക്ഷേപിച്ചവരും കൂട്ടത്തിലുണ്ട്. രണ്ട് കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. സംയുക്തമായും ചിലര്‍ സ്വന്തമായും കേസ് നടത്തിവരുന്നു. സംഘം ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയതാണ് സംഘത്തിന്‍െറ തകര്‍ച്ചക്ക് പ്രധാന കാരണമായതെന്ന് നിക്ഷേപകര്‍ കുറ്റപ്പെടുത്തുന്നു. സംഘത്തിന്‍െറ സ്റ്റോക്കില്‍ ഓഡിറ്റ് വിഭാഗം കുറവ് കണ്ടത്തെിയിരുന്നു. ഇതിനെ തുടര്‍ന്ന് സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനില്‍നിന്ന് 1,13,00,000 രൂപ റവന്യൂ റിക്കവറി നടത്താന്‍ രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, റവന്യൂ റിക്കവറി നടപടി നിര്‍ത്തിവെച്ചിരിക്കുകയാണ്. കുറ്റക്കാരനായ ഉദ്യോഗസ്ഥന്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജപ്തി നടപടി നിര്‍ത്തിവെച്ചത്. റവന്യൂ റിക്കവറി നടത്തി പണം നിക്ഷേപകര്‍ക്ക് നല്‍കണമെന്ന് നിക്ഷേപകരുടെ സംഘടനാ പ്രസിഡന്‍റ് എം.ടി. വിജയന്‍, സെക്രട്ടറി എ. നാരായണന്‍കുട്ടി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.