ഒറ്റപ്പാലം താലൂക്കാശുപത്രി: സ്ഥലം തിരിച്ചുപിടിക്കാന്‍ നടപടിയില്ല

ഒറ്റപ്പാലം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ആവശ്യമാണെന്നിരിക്കെ ഒറ്റപ്പാലം താലൂക്കാശുപത്രിയുടെ 14 സെന്‍റ് തിരിച്ചുപിടിക്കാന്‍ നടപടി നീളുന്നു. അടുത്തകാലം വരെ സ്വകാര്യ വ്യക്തി വാടക നല്‍കി മാര്‍ബ്ള്‍ കച്ചവടം നടത്തിവന്ന സ്ഥലം വില്ളേജ് ഓഫിസില്‍നിന്ന് ലഭിച്ച വിവരാവകാശ രേഖകളിലാണ് ആശുപത്രിക്ക് അവകാശപ്പെട്ടതാണെന്ന് സ്ഥിരീകരണമുണ്ടായത്. ഇതേതുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തിലും ഇക്കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും സ്ഥലം തിരിച്ചുപിടിക്കുന്നതിനെ സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ആരോഗ്യ രംഗത്ത് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്ന സ്കിപ്പോ കൈവശം വെച്ചുപോന്ന സ്ഥലമായിരുന്നു ഇതെന്നാണ് വിവരം. 1952 മുതല്‍ സ്കിപ്പോയുടെ പ്രവര്‍ത്തനം ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. 1973ല്‍ സ്കിപ്പോകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഒറ്റപ്പാലത്തേതിനും താഴുവീണു. പിന്നീട് 75ല്‍ ഒറ്റപ്പാലം കോഓപറേറ്റിവ് ഗ്രൂപ് ഹോസ്പിറ്റല്‍ സൊസൈറ്റി സ്ഥലം ഏറ്റെടുത്തതായി പറയുന്നു. എന്നാല്‍, ഇതുസംബന്ധിച്ച രേഖകള്‍ റവന്യൂ വകുപ്പിന്‍െറ പക്കലില്ല. 1986ല്‍ ഭൂമി പതിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. 1992ല്‍ താലൂക്കാശുപത്രിയുടെ ആവശ്യപ്രകാരം റവന്യൂ വകുപ്പ് നടത്തിയ സ്ഥലം ഒഴിപ്പിക്കല്‍ ഹൈകോടതിയിലത്തെി. സൊസൈറ്റി പ്രസിഡന്‍റായിരുന്ന ടി.കെ. സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി പതിച്ചുനല്‍കാനുള്ള അപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ വിധിച്ചു. എന്നാല്‍, പതിച്ചുനല്‍കാന്‍ സമര്‍പ്പിച്ച അപേക്ഷ ജില്ലാ കലക്ടര്‍ തള്ളനോ കൊള്ളാനോ ഇതുവരെ മുതിര്‍ന്നിട്ടില്ല. അപേക്ഷ തള്ളുന്ന പക്ഷം ആശുപത്രിക്ക് ഭൂമി വീണ്ടെടുക്കല്‍ എളുപ്പമാകും. 2013 മാര്‍ച്ചില്‍ സ്ഥലത്തെക്കുറിച്ചുള്ള രേഖകള്‍ ഹാജരാക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന് കലക്ടര്‍ തഹസില്‍ദാരോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഒരുമാസത്തെ സമയം അനുവദിച്ചു. തഹസില്‍ദാര്‍ നല്‍കിയ കത്തിനും സൊസൈറ്റി മറുപടി നല്‍കിയില്ല. ഇക്കാര്യം തഹസില്‍ദാര്‍ കലക്ടറെ രേഖാമൂലം അറിയിച്ചിരുന്നതായും പറയുന്നു. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈമാറ്റരേഖകളില്ലാതെ പതിച്ചുനല്‍കാനും റവന്യൂ വകുപ്പിന് കഴിയില്ളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് തഹസില്‍ദാര്‍. നിര്‍ദേശം ലഭിക്കുന്ന പക്ഷം തഹസില്‍ദാര്‍ കണ്‍വീനര്‍ കൂടിയായ താലൂക്ക് ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് തീരുമാനത്തിലത്തൊനാകും. സൊസൈറ്റിയുടെ പേരില്‍ സ്വകാര്യ വ്യക്തിയാണ് ഇതിന്‍െറ വാടക ഈടാക്കിയിരുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.