​മഴക്കാലത്ത് ഒറ്റപ്പെടുന്ന ഗോത്രമേഖലയെ സഹായിക്കാന്‍ പദ്ധതി

അഗളി: അട്ടപ്പാടിയില്‍ മഴക്കാലത്ത് പുഴകളും കൈത്തോടുകളും കരകവിഞ്ഞ് ഒഴുകി ഒറ്റപ്പെടുന്ന ഗോത്രമേഖലയെ ബാഹ്യലോകവുമായി ബന്ധിപ്പിക്കാന്‍ റോഡുകളും പാലങ്ങള്‍ക്കുമായുള്ള പദ്ധതി സമര്‍പ്പിക്കാന്‍ അട്ടപ്പാടി നോഡല്‍ ഓഫിസര്‍ നൂഹ് ബാവയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. കുടിവെള്ളമില്ലാത്ത അങ്കണവാടികളില്‍ കുടിവെള്ളമത്തെിക്കുന്നതിനുള്ള പദ്ധതിയുടെ നിര്‍വഹണത്തിനായി ജലനിധിയെ ഏല്‍പിച്ചു. തൂക്കക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ കുറവുള്ളതായും കഴിഞ്ഞമാസത്തിലെ കണക്കനുസരിച്ച് 34 കുട്ടികളായിരുന്നത് 28 ആയി കുറഞ്ഞു. കോട്ടത്തറ ആശുപത്രിക്ക് അനുവദിച്ച നാല് കോടി രൂപയില്‍ ഒരു കോടി രൂപ ആധുനിക ഉപകരണങ്ങള്‍ വാങ്ങാനായി മാറ്റിവെച്ചു. ആദിവാസികള്‍ക്ക് വീടുകള്‍ പണിയാന്‍ ഊരുഭൂമിയില്‍ സ്ഥലമില്ലാത്തതിനാല്‍ ഭൂമി ഏറ്റെടുത്ത് ഊരു ഭൂമി വിസ്തൃതി വര്‍ധിപ്പിച്ച് ഊരുകളില്‍ തന്നെ വീട് വെക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ആദിവാസികളുടെ വീട് പണിപൂര്‍ത്തിയാക്കാത്ത കരാറുകാരുടെ പേരില്‍ കേസെടുക്കും. ചിണ്ടക്കി ആനവായി റോഡിന്‍െറ ക്രമക്കേടുകള്‍ വിജിലന്‍സിനെ കൊണ്ട് അന്വേഷിക്കാനും താഴ്ന്നുപോയ 114 മീറ്റര്‍ റോഡ് പുനര്‍നിര്‍മിക്കാനും കരാറുകാരനോട് ഉത്തരവിട്ടിട്ടുള്ളതായും നോഡല്‍ ഓഫിസര്‍ അറിയിച്ചു. പ്ളസ് വണ്ണിന് ഈ വര്‍ഷം പ്രവേശം ലഭിക്കാത്ത 108 കുട്ടികള്‍ക്ക് സ്കൂളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ നല്‍കാനും തീരുമാനമായി. അട്ടപ്പാടിയെ ജൈവ ബ്ളോക്കാക്കി മാറ്റാന്‍ ആദിവാസി കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ വെള്ളാനിക്കരയില്‍ സങ്കേതിക വിദഗ്ധരുടെ സഹായം തേടാനും തീരുമാനമായി. അട്ടപ്പാടിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി ജൈവപച്ചക്കറി ഉല്‍പദിപ്പിക്കും. പ്രാരംഭഘട്ടമെന്ന നിലയില്‍ കോട്ടത്തറയിലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പച്ചക്കറി ഉല്‍പാദനം തുടങ്ങി. മാനസികനിലതെറ്റി ഊരില്‍ കഴിയുന്നവരെ താമസിപ്പിച്ച് പരിചരിക്കുന്നതിനുള്ള കെട്ടിടം നിര്‍മിച്ച് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായി. ഒക്ടോബര്‍ രണ്ട് മുതല്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് ഐ.ടി.ഡി.പിക്ക് നിര്‍ദേശം നല്‍കി. അഞ്ച് വര്‍ഷമായി അട്ടപ്പാടിയില്‍ ചെലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങള്‍ എല്ലാ വകുപ്പ് മേധാവികളോടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.