പാലക്കാട്: ത്രികോണ മത്സരം പൊടിപൊടിക്കുന്ന പാലക്കാട് നഗരസഭയില്‍ പ്രമുഖര്‍ മത്സരിക്കുന്ന വാര്‍ഡുകളിലടക്കം ഇഞ്ചോടിഞ്ച് പോരാട്ടം. നഗരസഭ ചെയര്‍മാന്‍ പി.വി. രാജേഷ് മത്സരിക്കുന്ന കൊപ്പം 18ാം വാര്‍ഡില്‍ പ്രചാരണം കനത്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അഡ്വ. കെ. അരവിന്ദാക്ഷനും ബി.ജെ.പി ജില്ലാ പ്രസിഡന്‍റും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി. കൃഷ്ണകുമാറും പി.വി. രാജേഷിന് ശക്തമായ എതിരാളികളാണ്. മൂന്ന് കക്ഷികളും അഭിമാന പോരാട്ടമായി കാണുന്നതിനാല്‍ കൊപ്പം വാര്‍ഡിലേത് ഏറ്റവും ശ്രദ്ധേയമായ മത്സരമായി മാറിയിട്ടുണ്ട്. പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം മൂവരും മുന്നേറുന്നുണ്ടെങ്കിലും ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. അരവിന്ദാക്ഷന് നേരിയ മുന്‍തൂക്കമുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. രാമസ്വാമിയെ അട്ടിമറിച്ച് സ്വതന്ത്രന്‍ സാജോ ജോണ്‍ വിജയിച്ച 41ാം വാര്‍ഡില്‍ ഇത്തവണയും തെരഞ്ഞെടുപ്പ് ചിത്രം സങ്കീര്‍ണമാണ്. യു.ഡി.എഫിന് മേല്‍കൈയുള്ള വാര്‍ഡായിട്ടും ഒന്നാംഘട്ട പ്രചാരണം പിന്നിടുമ്പോള്‍ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രാജേശ്വരി ജയപ്രകാശിന്‍െറ നില അത്ര ഭദ്രമല്ല. മാങ്ങാ ചിഹ്നത്തില്‍ മത്സരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തക എ.ആര്‍. നിര്‍മലയുടെ സാന്നിധ്യം ഇവര്‍ക്ക് ഭീഷണിയാണ്. കോണ്‍ഗ്രസില്‍ ഇടഞ്ഞുനില്‍ക്കുന്ന ചിലര്‍ നിര്‍മലക്കുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വാര്‍ഡില്‍ ബി.ജെ.പിയുടെ അഡ്വ. ശാന്താദേവിയും എല്‍.ഡി.എഫ് സ്വതന്ത്രയായ എം. ഹസീനയും പ്രചാരണത്തില്‍ മുന്നിലാണ്. മുമ്പ് 41ാം വാര്‍ഡില്‍ കണ്ണുവെച്ച വനിത നേതാക്കളെ ഡി.സി.സി നേതൃത്വം അനുനയിപ്പിച്ചിട്ടുണ്ടെങ്കിലും പ്രചാരണത്തില്‍ സജീവമല്ല. 31ാം വാര്‍ഡായ പുതുപ്പള്ളിത്തെരുവില്‍ ലീഗ് വിമതന്‍ സെയ്തലവി പൂളക്കാടിന്‍െറ സാന്നിധ്യമാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും ലീഗ് നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ ടി.എ. അബ്ദുല്‍ അസീസിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നത്. ഈ വാര്‍ഡില്‍ മുന്‍ എം.എല്‍.എ അഡ്വ. ടി.കെ. നൗഷാദ് അസീസിന് ശക്തനായ പ്രതിയോഗിയാണ്. ഈ വാര്‍ഡില്‍ എല്‍.ഡി.എഫിനും വിമത ഭീഷണിയുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാംസ്ഥാനത്ത് വന്ന കുമരപുരം ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസിന്‍െറ എസ്.ആര്‍. ശ്രീപ്രിയ പ്രചാരണത്തില്‍ ഒരു ചുവട് മുന്നിലാണ്. കള്ളിക്കാട് 37ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രയായി മത്സരിക്കുന്ന മുന്‍ ലീഗ് വിമത കൗണ്‍സിലര്‍ കെ.കെ. ഖാജാ ഹുസൈന്‍െറ ഭാര്യ മറിയ ഖാജാ ഹുസൈനാണ്. ഇവരെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ എല്‍.ഡി.എഫില്‍ മുറുമുറുപ്പുണ്ട്. എല്‍.ഡി.എഫില്‍ ഒരുവിഭാഗം സ്വതന്ത്രയായി പത്രിക നല്‍കിയ ജാസ്മിന്‍ സലാമിന് വേണ്ടി രംഗത്തുണ്ട്. മുസ്ലിം ലീഗിലെ പി.എം. ഹബീബയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫിലെ ഭിന്നത അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. മണപ്പുള്ളികാവ് 27ാം വാര്‍ഡില്‍ മുന്‍ സി.പി.എം കൗണ്‍സിലര്‍ ബാബു ബി.ജെ.പി സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തത് എല്‍.ഡി.എഫിന് തിരിച്ചടിയാണ്. വാര്‍ഡില്‍ മുക്കോണ മത്സരത്തിന്‍െറ പ്രതീതി ജനിപ്പിച്ച് കടുത്ത മത്സരമാണ് അരങ്ങേറുന്നത്. സി.പി.എമ്മിലെ അഡ്വ. ആര്‍. വേണുവും കോണ്‍ഗ്രസിലെ വി. മോഹനനുമാണ് എതിരാളികള്‍. വെണ്ണക്കര സൗത് 32ാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ ഷൈലജയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സൗരിയത്ത് സുലൈമാനുമാണ് കടുത്ത പോരാട്ടം. എന്‍.സി.പിയുടെ എസ്. റാബിയ ഷംസുദ്ദീനും ഗോദയില്‍ സജീവമായുണ്ട്. ത്രികോണ മത്സരം കനക്കുന്ന ഈ വാര്‍ഡില്‍ പ്രചാരണം മൂര്‍ധന്യത്തിലാണ്. കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുത്ത മേപ്പറമ്പ് വാര്‍ഡില്‍ ഇത്തവണ ശക്തമായ മത്സരമാണ് അരങ്ങേറുന്നത്. മുസ്ലിം ലീഗിലെ സൈനബയും സി.പി.എമ്മിലെ നസീമയുമാണ് ബി.ജെ.പി സ്ഥാനാര്‍ഥി ഇ. പ്രിയക്കെതിരെ രംഗത്ത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് പ്രചാരണ പ്രവര്‍ത്തനത്തില്‍ ഒരു പിടി മുന്നില്‍. കല്‍പ്പാത്തി ഈസ്റ്റ് അഞ്ചാം വാര്‍ഡില്‍ വിമത സ്ഥാനാര്‍ഥി ഗാന കൃഷ്ണന്‍െറ സാന്നിധ്യം ബി.ജെ.പിക്ക് ഭീഷണിയാണ്. ഇവിടെ കോണ്‍ഗ്രസിന്‍െറ സി.എന്‍. ഉമക്ക് ആദ്യഘട്ട പ്രചാരണത്തില്‍ മുന്‍തൂക്കമുണ്ട്. പ്രചാരണം കൊഴുത്തുകൊണ്ടിരിക്കെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമതപ്രവര്‍ത്തനം പാര്‍ട്ടിള്‍ക്ക് തലവേദനയായിട്ടുണ്ട്. തങ്ങള്‍ക്ക് എതിരാളികളാകുമെന്ന് ഭയന്ന് മറ്റു വാര്‍ഡുകളിലെ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ ചിലര്‍ നീങ്ങുന്നതായി ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.