ഒറ്റപ്പാലം: ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇത്തവണ രണ്ട് മുന്നണികളിലായി മത്സരിക്കുന്നത് നിലവിലെ രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാരും ഒരു മുൻ പ്രസിഡൻറും. ലക്കിടി പഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷ്, വാണിയംകുളം പഞ്ചായത്ത് പ്രസിഡൻറ് എസ്. ഗംഗാധരൻ, അമ്പലപ്പാറ പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.കെ. കുഞ്ഞൻ എന്നിവരാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്.
സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങൾ കൂടിയായ സുരേഷ് , ഗംഗാധരൻ എന്നിവർ യഥാക്രമം പേരൂർ (എട്ട്) വാണിയംകുളം (12) ഡിവിഷനുകളിലാണ് മത്സരിക്കുന്നത്. സി.പി.എം സ്ഥാനാർഥിയായി മത്സരിച്ചാണ് കെ.കെ. കുഞ്ഞൻ അമ്പലപ്പാറ പ്രസിഡൻറ് സ്ഥാനത്തെത്തിയത്. ഭരണ കാലാവധി തീരാനിരിക്കെയാണ് ഇദ്ദേഹം പാർട്ടിയിൽനിന്ന് രാജിവെച്ചത്. പിന്നീട് ബി.ജെ.പിയിലേക്ക് മാറി.
നിലവിൽ എൻ.ഡി.എ സ്ഥാനാർഥിയായി ചുനങ്ങാട് ഡിവിഷനിൽനിന്നാണ് മത്സരിക്കുന്നത്. 16 ഡിവിഷനുകൾ ഉണ്ടായിരുന്ന കഴിഞ്ഞ തെരഞ്ഞടുപ്പിൽ സമ്പൂർണ ആധിപത്യമാണ് എൽ.ഡി.എഫ് നേടിയത്. നിലവിൽ 17 ഡിവിഷനുകളാണുള്ളത്. ഇതിൽ 15ലും സി.പി.എം സ്ഥാനാർഥികൾ തന്നെയാണ് മത്സരിക്കുന്നത്. സി.പി.ഐ, കോൺഗ്രസ് (എസ്) എന്നിവയുടെ സ്ഥാനാർഥികളാണ് ശേഷിക്കുന്ന രണ്ട് സീറ്റുകളിൽ മത്സരിക്കുന്നത്.
യു.ഡി.എഫ് 15 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. കോൺഗ്രസ് 10 സീറ്റിലും മുസ്‍ലിം ലീഗ് മൂന്ന് സീറ്റിലും രണ്ട് സീറ്റുകളിൽ സ്വതന്ത്രരും ഉൾപ്പടെയാണിത്. അമ്പലപ്പാറ, പുലാപ്പറ്റശ്ശേരി വാർഡുകളിലാണ് സ്ഥാനാർഥികൾ ഇല്ലാത്തത്. 17 സീറ്റിലും എൻ.ഡി.എക്ക് സ്ഥാനാർഥികളുണ്ട്. ബി.ജെ.പി വെസ്റ്റ് ജില്ല സെക്രട്ടറി എൻ. മണികണ്ഠനും മത്സരിക്കുന്നവരുടെ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.