പട്ടാമ്പി: ഒന്നിൽ പിഴച്ചാൽ....എന്നൊരു ചൊല്ലുണ്ടല്ലോ, അതുപോലെയാണ് കൊപ്പം ഗ്രാമപഞ്ചായത്തിന്റെ തലക്കുറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നാം വാർഡിൽ വിജയിച്ച ഏക ബി.ജെ.പി അംഗമായിരുന്നു പഞ്ചായത്തിന്റെ ഗതി നിർണയിച്ചത്. 17 വാർഡിൽ എട്ടു വീതം നേടി എൽ.ഡി.എഫും യു.ഡി.എഫും തുല്യശക്തികളായപ്പോൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് കസേരകൾ ആർക്ക് സ്വന്തം എന്നത് ബി.ജെ.പി നിലപാടിൽ ആടിക്കളിക്കുകയായിരുന്നു. ഇരുമുന്നണികളോടും അകലം പാലിച്ച് ഒന്നാം വാർഡിലെ വിജയി ബി.ജെ.പിയിലെ എ.പി. അഭിലാഷ് വിട്ടുനിൽക്കുകയും രാവിലെ നടന്ന പ്രസിഡന്റ് നറുക്കെടുപ്പിൽ സി.പി.എമ്മിലെ ടി. ഉണ്ണികൃഷ്ണൻ വിജയിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭാഗ്യം കടാക്ഷിച്ചത് കോൺഗ്രസിലെ പുണ്യ സതീഷിനെയായിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ സി.പി.എമ്മും കോൺഗ്രസുമായി ഭരണം മുന്നോട്ട്.
2022 ഏപ്രിൽ മാസത്തിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ബി.ജെ.പി പിന്തുണയോടെ പാസാവുകയും ടി. ഉണ്ണികൃഷ്ണൻ പുറത്താവുകയും ചെയ്തു. തുടർന്ന് യു.ഡി.എഫിലെ അബ്ദുൽ അസീസ് പ്രസിഡന്റായി. ഏറെക്കഴിയും മുമ്പ് യു.ഡി.എഫ് ഭരണത്തിൽ അസംതൃപ്തനായ നാലാം വാർഡ് കോൺഗ്രസ് അംഗം ഷെഫീഖ് എൽ.ഡി.എഫിനെ പിന്തുണച്ചപ്പോൾ ടി. ഉണ്ണികൃഷ്ണൻ വീണ്ടും പ്രസിഡന്റ് പദത്തിലേറി. അതുകൊണ്ട് വാർഡ് ഒന്ന് പിടിച്ച് ഭരണമുറപ്പിക്കാൻ കൈമെയ് മറന്നു പൊരുതുകയാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണ സംവരണ വാർഡായിരുന്ന സൗത്ത് പുലാശ്ശേരി ഇത്തവണ വെസ്റ്റ് പുലാശ്ശേരി എന്ന പേരുമാറ്റത്തോടെ ജനറൽ വാർഡായി. നിലവിലെ ഭരണസമിതിയിലെ രണ്ടാം വാർഡ് പുലാശ്ശേരിയെ പ്രതിനിധീകരിക്കുന്ന പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണനെയാണ് ഒന്നാം വാർഡ് പിടിച്ചെടുക്കാനുള്ള നിയോഗം സി.പി.എം ഏൽപിച്ചിരിക്കുന്നത്.
ഒന്നുറപ്പിച്ച് പഞ്ചായത്ത് നേടുക എന്ന ലക്ഷ്യത്തിൽ പടനയിക്കുന്ന ഉണ്ണികൃഷ്ണന് എതിരാളിയായി കോൺഗ്രസിലെ രവി സരോവരമുണ്ട്. 2010ലെ യു.ഡി.എഫ് ഭരണസമിതിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന രവി വിപുലമായ ബന്ധങ്ങൾ വോട്ടാക്കാനുള്ള തീവ്രശ്രമത്തിലാണ്. ജനറൽ വാർഡായപ്പോഴും എ.പി. അഭിലാഷ് തന്നെയാണ് ബി.ജെ.പി സ്ഥാനാർഥി.
കൊപ്പം ടൗണിന്റെ നവീകരണമുൾപ്പെടെ വികസന പ്രവർത്തന റെക്കോഡുമായി ജനങ്ങളെ സമീപിക്കുന്ന എൽ.ഡി.എഫോ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനവുമായി കളത്തിലുള്ള യു.ഡി.എഫോ, ആരായിരിക്കും കൊപ്പത്തിന്റെ അടുത്ത അവകാശികൾ എന്നത് തീരുമാനിക്കുന്ന ഫലം കൂടിയാവും ഒന്നാം വാർഡിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.