ഓറഞ്ച് ഫാമില്‍ കാട്ടാനക്കൂട്ടത്തിന്‍െറ ആക്രമണം

നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ഫാമില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന കാട്ടാനക്കൂട്ടത്തിന്‍െറ ആക്രമണത്തില്‍ 50 ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായെന്ന് ഫാം അധികൃതര്‍. പുതുതായി വെച്ചു പിടിപ്പിച്ച ഓറഞ്ചും പാഷന്‍ ഫ്രൂട്ടും പേരക്കയും കാട്ടാനകളുടെ ആക്രമണത്തില്‍ നശിച്ചു. എല്ലാ ദിവസവും വൈകീട്ടണ് കാട്ടാനക്കൂട്ടം കമ്പിവേലി തകര്‍ത്ത് ഫാമിനുള്ളില്‍ പ്രവേശിക്കുന്നത്. പത്തിലധികം വരുന്ന ആനകളാണ് ഫാമിന്‍െറ പലഭാഗത്തായി കൃഷി ചവിട്ടി മെതിക്കുന്നത്. നേരത്തേ കാട്ടാനക്കൂട്ടത്തിന്‍െറ ആക്രമണത്തില്‍ ആന്തൂറിയം കൃഷിക്ക് സംരക്ഷണമായി നിര്‍മിച്ചിരുന്ന പോളി ഹൗസിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. കാട്ടാനക്കൂട്ടത്തെ പ്രതിരോധിക്കാനായി ബലമുള്ള കമ്പിവേലി സജ്ജീകരിച്ചിരുന്നെങ്കിലും ഇതെല്ലാം കാട്ടാനകള്‍ തകര്‍ക്കുകയായിരുന്നു. ഫാമില്‍ വൈദ്യുത കമ്പിവേലി ഘടിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും വനം-പരിസ്ഥിതി വകുപ്പിന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ നടപ്പായില്ല. പുലര്‍ച്ചെ അഞ്ചോടെയാണ് ഫാമില്‍നിന്ന് കാട്ടാനകള്‍ പിന്മാറുന്നത്. പകല്‍ സമയത്തും കാട്ടാനക്കൂട്ടം ഫാമിനകത്ത് നിലയുറപ്പിക്കുന്ന പതിവുണ്ട്. ഫാമില്‍ പണിക്കിറങ്ങിയ തൊഴിലാളികളെ തുരത്തിയോടിക്കുന്നതും പതിവാണ്. കാട്ടാനകള്‍ സൈ്വര വിഹാരം തുടങ്ങിയതോടെ ഫാമില്‍ കൃഷി ജോലികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നതായി തൊഴിലാളികള്‍ പരാതിപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.