ഒറ്റപ്പാലത്തെ തോട്ടുപാലങ്ങളുടെ പുനര്‍നിര്‍മാണം വൈകുന്നു

ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ ഒറ്റപാലത്തെ ബലക്ഷയം വന്ന തോട്ടുപാലങ്ങളുടെ പുനര്‍നിര്‍മാണം വൈകുന്നു. നഗരത്തിന് പടിഞ്ഞാറും കിഴക്കുമായി അര നൂറ്റാണ്ട് പഴക്കമുള്ള കണ്ണിയംപുറത്തെയും ഈസ്റ്റ് ഒറ്റപ്പാലത്തെയും പാലങ്ങളാണ് കൈവരികള്‍ പൊട്ടിപ്പൊളിഞ്ഞും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളക്കമുണ്ടായും ഭീഷണിയാകുന്നത്. പാലങ്ങള്‍ പുനര്‍ നിര്‍മിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇടക്കുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണുള്ളത്. സംസ്ഥാനപാതയുടെ നിര്‍മാണത്തില്‍ പാലങ്ങള്‍ ഉള്‍പ്പെടാതിരുന്നതാണ് ദുരവസ്ഥക്ക് കാരണം. ലോക ബാങ്കിന്‍െറ ധന സഹായത്തോടെയുള്ള പദ്ധതിയില്‍ പാലങ്ങള്‍ ഉള്‍പ്പെടില്ളെന്നായിരുന്നു അക്കാലത്തെ പ്രഖ്യാപനം. എന്നാല്‍, പാലം പിന്നീട് പരിഗണിക്കാന്‍ ധാരണയായിരുന്നു. പാതയുടെ നിര്‍മാണം 2011ല്‍ പൂര്‍ത്തീകരിച്ചെങ്കിലും പാലംപണി കടലാസില്‍ ഒതുങ്ങി. ശരാശരി 15 മീറ്റര്‍ വീതിയുള്ള സംസ്ഥാനപാതയില്‍ 7.5 മീറ്ററില്‍ കണ്ണിയംപുറം പാലവും ഏഴു മീറ്റര്‍ വീതിയില്‍ ഈസ്റ്റ് ഒറ്റപ്പാലത്തെ പാലവും കുടുങ്ങിക്കിടന്നു. ഹൈവേയുടെ നിര്‍മാണം ലക്ഷ്യത്തിലത്തെിയതും മായന്നൂര്‍ പാലം തുറന്നുകൊടുത്തതും സംസ്ഥാനപാതയില്‍ വാഹനങ്ങളുടെ എണ്ണംകൂട്ടി. വീതിയുള്ള പാതയില്‍ പാലങ്ങള്‍ കുപ്പിക്കഴുത്ത് പരുവത്തിലായതോടെ ഗതാഗതക്കുരുക്കും ഒഴിയാബാധയായി. നീണ്ട കാലത്തെ മുറവിളികള്‍ക്കൊടുവില്‍ എം. ഹംസ എം.എല്‍.എ മുന്‍കൈയെടുത്ത് പാലം പുനര്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഇരുപാലങ്ങള്‍ക്കും വിശദമായ അടങ്കല്‍ തയാറാക്കി സമര്‍പ്പിച്ചെങ്കിലും ഭരണാനുമതി വൈകി. മൂന്നരവര്‍ഷം കഴിഞ്ഞിട്ടും പഴയ രൂപത്തില്‍ തുടരുന്ന പാലത്തിന്‍െറ കൂടുതല്‍ ജീര്‍ണത യാത്രക്കാരെ ആശങ്കപ്പെടുത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.