ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക: നഗരസഭയില്‍ മൂന്ന് സീറ്റുകള്‍ എസ്.എന്‍.ഡി.പിക്ക്

പാലക്കാട്: നഗരസഭയില്‍ ബി.ജെ.പി മൂന്ന് സീറ്റ് എസ്.എന്‍.ഡി.പിക്കും ഒരു സീറ്റ് എന്‍.എന്‍.എസ് പ്രതിനിധിക്കും ഒഴിച്ചിടും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജാതിസംഘടനകളെ ഒപ്പം നിര്‍ത്താനുള്ള സംസ്ഥാനതല തീരുമാനത്തിന്‍െറ ഭാഗമായാണിത്. ബി.ജെ.പി നഗരസഭ സഥാനാര്‍ഥി പട്ടികക്ക് തിങ്കളാഴ്ച രൂപമായെങ്കിലും പത്തിനുമാത്രമേ പ്രഖ്യാപനമുണ്ടാകുകയുള്ളു. എസ്.എന്‍.ഡി.പിയുമായി ജില്ലാതലത്തില്‍ ബി.ജെ.പി സീറ്റുചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. എന്‍.എസ്.എസ് ഘടകങ്ങളുടെ അതൃപ്തി ഒഴിവാക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ പരമാവധി നായര്‍ പ്രാതിനിധ്യം നല്‍കാനും നിര്‍ദേശമുണ്ട്. അതേസമയം, ബി.ജെ.പിയുടെ നഗരസഭയിലെ 15 സിറ്റിങ് സീറ്റുകളില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ആര്‍.എസ്.എസ് തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ് വാര്‍ഡുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പരിചയസമ്പന്നരായ നേതാക്കള്‍ നല്ല മത്സരം പ്രതീക്ഷിക്കുന്ന വാര്‍ഡുകളിലേക്ക് മാറണമെന്ന് ആര്‍.എസ്.എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പിയുടെ നിലവിലുള്ള നഗരസഭാ നേതൃത്വത്തെ ഒതുക്കുന്നതിന്‍െറ ഭാഗമായാണ് ഈ നീക്കമെന്ന് സൂചനയുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനോട് 18ാംവാര്‍ഡായ കൊപ്പത്തേക്ക് മാറാനാണത്രെ നിര്‍ദേശം നല്‍കിയത്. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എന്‍. ശിവരാജന്‍ 46ാം വാര്‍ഡില്‍ മത്സരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സിറ്റിങ് വാര്‍ഡുകളില്‍ പൂര്‍ണമായും സംഘ് പരിവാര്‍ ആഭിമുഖ്യമുള്ള യുവരക്തങ്ങളെ കൊണ്ടുവരാനാണ് തീരുമാനം. സംസ്ഥാനത്ത് സംഘ്പരിവാര്‍ പ്രതീക്ഷ വെക്കുന്ന നഗരസഭയെന്ന നിലയില്‍ പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന്‍െറ പൂര്‍ണനിയന്ത്രണം ആര്‍.എസ്.എസിനാണ്. നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ് ഡി.സി.സി സെക്രട്ടറിയുമായ പി.വി. രാജേഷാണ് കൊപ്പം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുകയെന്നാണ് സൂചന. ബി.ജെ.പി സ്വാധീനം കുറവുള്ള കൊപ്പത്ത് കൃഷ്ണകുമാറിന് വിജയം എളുപ്പമല്ല. ആര്‍.എസ്.എസ് സ്വന്തംനിലക്ക് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയത് ബി.ജെ.പിയിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ മുറുമുറുപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.