കുടുംബശ്രീ പോഷകാഹാര യൂനിറ്റ്: കരിമ്പയില്‍ വിവാദം കൊഴുക്കുന്നു

കല്ലടിക്കോട്: തെരഞ്ഞെടുപ്പിന് അരങ്ങൊരുക്കുന്നതിനിടെ കരിമ്പ ഗ്രാമപഞ്ചായത്തില്‍ അമൃത ഫുഡ്സ് വിവാദം പുകയുന്നു. കുടുംബശ്രീയുടെ കീഴിലെ അടച്ചുപൂട്ടിയ പോഷകാഹാര ഫുഡ്സ് സപ്ളിമെന്‍റ് നിര്‍മാണ യൂനിറ്റിനെ ചൊല്ലിയാണ് പുതിയ വിവാദം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ത്രിതല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കിയതിന്‍െറ തലേന്ന് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അമൃത ഫുഡ്സ് തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് കരിമ്പ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഏകദിന നിരാഹാരം നടത്തി.ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഇവര്‍ നിവേദനവും നല്‍കി. പ്രശ്നം പരിഹരിക്കാത്തപക്ഷം കരിമ്പ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നാണ് ഹിന്ദു ഐക്യവേദി പ്രാദേശിക നേതൃത്വം പറയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തടിയൂരാന്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പോഷകാഹാര നിര്‍മാണ യൂനിറ്റിന്‍െറ പരിസരത്തെ മാലിന്യം കണ്ട ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് നോട്ടീസ് നല്‍കി ഈ യൂനിറ്റിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉണ്ടായതായി പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. സ്വന്തം ആളുകളെ പോഷകാഹാര നിര്‍മാണ യൂനിറ്റില്‍ നിയമിക്കുന്നതിനുള്ള ചരട് വലിയുടെ ഭാഗമാണ് ഐക്യമുന്നണി നേതൃത്വം നല്‍കുന്ന ഭരണസമിതി പോഷകാഹാര നിര്‍മാണ യൂനിറ്റ് നിര്‍ത്തിവെപ്പിക്കുവാന്‍ കാരണമുണ്ടാക്കിയതെന്നും ആരോപണമുണ്ട്. എന്നാല്‍, സംഘ്പരിവാര്‍ സംഘടനകള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ നടത്തുന്ന സമര നാടകമാണിതെന്ന് ഐക്യമുന്നണി നേതൃത്വം കുറ്റപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.