ശീതകാല പച്ചക്കറി കൃഷിക്ക് 15 ലക്ഷം തൈകള്‍ ഒരുങ്ങുന്നു

ആലത്തൂര്‍: വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ) ശീതകാല പച്ചക്കറി കൃഷിക്കായി 15 ലക്ഷം തൈകള്‍ ഒരുക്കുന്നു. ബംഗളൂരുവിലെ നാംധാരി കമ്പനിയുടെ എന്‍.എസ് 183 എന്ന കാബേജും സിന്‍റജന്‍റ് സി 6041 കോളിഫ്ളവര്‍ ഇനവുമാണ് ആലത്തൂരിലെ പോളിഹൗസില്‍ ഒരുക്കുന്നത്. ഇവ കേരളത്തിലെ കാലാവസ്ഥയില്‍ വളര്‍ത്താന്‍ അനുയോജ്യമാണെന്ന് കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. വിത്തുകള്‍ വി.എഫ്.സി.പി.കെ കേന്ദ്രത്തില്‍ എത്തിച്ചാണ് പാകി മുളപ്പിച്ചത്. ആലത്തൂര്‍ കേന്ദ്രത്തില്‍ എല്ലാ ഇനം വിത്തുകളും മുളപ്പിക്കാന്‍ 13,000 ചതുരശ്ര അടി വിസ്തൃതിയില്‍ പോളി ഹൗസുകള്‍ സജ്ജമാണ്. മാവ്, പ്ളാവ്, കുരുമുളക്, വഴുതിന, ജാതി, പാവല്‍, പടവലം, കറിവേപ്പില, വെണ്ട, നേന്ത്രവാഴ, പയര്‍, റോബസ്റ്റ്, റെഡ് ബനാന തുടങ്ങിയ തൈകള്‍ ഇവിടെ വില്‍പനക്ക് ഒരുക്കിയിട്ടുണ്ട്. പച്ചക്കറിത്തൈകള്‍ ഒന്നിന് രണ്ട് രൂപയും നേന്ത്രവാഴ 20 രൂപയും റോബസ്റ്റ 18 രൂപയുമാണ് വില. കാബേജ്, കോളിഫ്ളവര്‍ വിത്തുകള്‍ ജനുവരിയില്‍ ബംഗളൂരുവിലെ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാല്‍ സെപ്റ്റംബറില്‍ ലഭിക്കും. പ്രത്യേകം തയാറാക്കിയ പ്ളാസ്റ്റിക് ട്രേകളിലാണ് വിത്ത് പാകുന്നത്. 21 ദിവസം കഴിഞ്ഞാല്‍ തൈ നടാന്‍ പാകമാകും. ഒക്ടോബര്‍ ആദ്യത്തെ ആഴ്ച മുതല്‍ തൈകളുടെ വില്‍പന തുടങ്ങും. തൈകള്‍ നട്ട് രണ്ട് മാസം തികഞ്ഞാല്‍ വിളവെടുക്കാം. ശീതകാലമാണ് കാബേജിനും കോളിഫ്ളവറിനും യോജിച്ച കാലാവസ്ഥ. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള ശീതകാലത്ത് കേരളത്തില്‍ എവിടെയും കാബേജ്, കോളിഫ്ളവര്‍ എന്നിവ വിളയുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.