കരാര്‍ നിയമനങ്ങളില്‍ ആദിവാസികളെ തഴയുന്നു

മണ്ണാര്‍ക്കാട്: ജലസേചന വകുപ്പിന്‍െറ ശിരുവാണി ഡാമില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതില്‍നിന്ന് പരിസര വാസികളായ ആദിവാസികളെ തഴയുന്നതായി ആക്ഷേപം. ശിരുവാണി ഡാം നിര്‍മാണത്തിനുവേണ്ടി 40 വര്‍ഷം മുമ്പ് പദ്ധതി പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ച ആദിവാസികളെയാണ് വാഗ്ദാനങ്ങള്‍ ലംഘിച്ച് നിയമനങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തുന്നതായി ആക്ഷേപമുള്ളത്. ഡാമിന് സമീപം ശിങ്കമ്പാറ കോളനിയില്‍ താമസിക്കുന്ന ആദിവാസികള്‍ ഡാമിലെ ചെറിയ ജോലികള്‍ ചെയ്താണ് ഉപജീവനം നടത്തുന്നത്. നിലവില്‍ ഡാമിലെ വിവിധ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ആദിവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് ധാരണയെങ്കിലും ചില ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും വകുപ്പുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയ നേതാക്കന്മാരുടെയും താല്‍പര്യപ്രകാരം മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ്. 15ഓളം ഒഴിവുകളിലേക്ക് നിലവില്‍ ഒരുആദിവാസിയെയാണ് പരിഗണിച്ചിരിക്കുന്നത്. അതാകട്ടെ ശിങ്കമ്പാറ ഊരില്‍ നിന്നുള്ള ആളുമല്ല. നിയമനത്തിന് കോഴവാങ്ങുന്നതായും ആരോപണമുണ്ട്. കഴിഞ്ഞവര്‍ഷം ഇത്തരത്തിലുള്ള നീക്കമുണ്ടായതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ശിരുവാണി ഡാമും പരിസര പ്രദേശങ്ങളും വ്യക്തമായി അറിയാവുന്നവരാണ് ശിങ്കമ്പാറയിലെ ആദിവാസികള്‍. ഡാമിന്‍െറ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ ഏറ്റവും അനുയോജ്യരായവര്‍ കോളനിവാസികളാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെയാണ് നിലവിലെ നിയമന പ്രക്രിയകളുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുപോവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.