ജലസേചന പദ്ധതി അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ഷക പ്രതിഷേധം

കൊല്ലങ്കോട്: ഗായത്രി ജലസേചന പദ്ധതിയുടെ അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചു. മീങ്കര, ചുള്ളിയാര്‍ ഡാമുകള്‍ ഉള്‍പ്പെടുന്ന ഗായത്രി പുഴ പദ്ധതിയുടെ പ്രദേശത്ത് പറമ്പിക്കുളം ആളിയാര്‍ വെള്ളം നിറക്കാന്‍ സാധിക്കാത്തതിനെതിരെയും കനാലുകളുടെ ശുചീകരണം നടക്കാത്തതിനെതിരെയുമായിരുന്നു പ്രതിഷേധം. വി. ചെന്താമരാക്ഷന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 54 കര്‍ഷകര്‍ പങ്കെടുത്തു. ഇത്തവണ തമിഴ്നാട്ടില്‍ പെയ്ത മഴ ഉപയോഗപ്പെടുത്തി ചുള്ളിയാര്‍ ഡാമും മീങ്കര ഡാമും നിറക്കാന്‍ സാധിക്കാത്തത് അധികൃതരുടെ കടുത്ത അനാസ്ഥയാണെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ ആരോപിച്ചു. 300ലധികം കര്‍ഷകര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ 54 പേര്‍ മാത്രമാണ് പങ്കെടുത്തത്. യോഗവിവരം അറിയിക്കാത്തതാണ് കര്‍ഷകുരടെ പങ്കാളിത്തം കുറയാന്‍ കാരണമായത്. ചുള്ളിയാര്‍ ഡാം ഡിസംബര്‍ ഏഴിനും മീങ്കര ഡാം ഡിസംബര്‍ ഒന്നിനും ജലസേചനത്തിനായി തുറക്കാന്‍ തീരുമാനമായി. പത്ത് ദിവസത്തെ ഇടവേളകളില്‍ 14 ദിവസങ്ങളിലായി ചുള്ളിയാര്‍ ഡാമും രണ്ട് ദിവസങ്ങളില്‍ മീങ്കര ഡാമും തുറക്കും. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. രാജന്‍, മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ, വൈസ് പ്രസിഡന്‍റ് രാധാകൃഷ്ണന്‍, മീങ്കര-ചുള്ളിയാര്‍ അസി. എന്‍ജിനീയര്‍ സുധീര്‍, മുരുകേശന്‍, കാര്‍വര്‍ണന്‍, അരവിന്ദാക്ഷന്‍, അമാനുല്ല, ഇഖ്ബാല്‍, അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.