ആയുര്‍വേദ ആശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിക്കണം –ജില്ലാ വികസന സമിതി

പാലക്കാട്: ജില്ലയിലെ ആയുര്‍വേദ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ നിയമനം ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ 21.50 രൂപ നിരക്കില്‍ നെല്ല് സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചതായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി യോഗത്തില്‍ അറിയിച്ചു. ഇത്തവണ കൃഷിഭവന്‍ വഴി കര്‍ഷകര്‍ക്ക് നല്‍കിയ നെല്‍വിത്തുകള്‍ മുളക്കാത്തത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കിയതായി കെ.വി. വിജയദാസ് എം.എല്‍.എ പറഞ്ഞു. എന്നാല്‍, ശാസ്ത്രീയ പരിശോധനയില്‍ വിത്തുകള്‍ക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നെന്നും വിത്ത് നല്‍കി രണ്ടു മാസത്തിന് ശേഷം വിതച്ചതുകൊണ്ടാണ് വിള നഷ്ടമായതെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണിക്കും. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന് അര്‍ഹതപ്പെട്ട ജലം ഉറപ്പാക്കണമെന്നും കൃഷിക്ക് ആവശ്യമായ ജലം കനാലിലൂടെ ലഭ്യമാക്കണമെന്നും ചെന്താമരാക്ഷന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കരിമ്പ, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളില്‍ വിതരണം നടത്തിയ മിച്ചഭൂമി വനഭൂമിയാണെന്ന് പറയുന്ന സാഹചര്യത്തില്‍ പ്രദേശത്തെ ആളുകള്‍ ആശങ്കയിലാണെന്നും ജില്ലാ ഭരണകൂടം ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും എം. ഹംസ എം.എല്‍.എ ആവശ്യപ്പെട്ടു. മുറിയംകണ്ണി പാലത്തിലൂടെ ബസ് സര്‍വിസ് നടത്തുന്നത് സംബന്ധിച്ച പെര്‍മിറ്റ് വിവരങ്ങള്‍ ആര്‍.ടി.ഒയോട് ലഭ്യമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷീരവികസന സംഘങ്ങള്‍ പാല്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തുന്നുണ്ടെന്ന് എം.എല്‍.എമാരായ കെ. വിജയദാസ്, എ.കെ. ബാലന്‍ എന്നിവര്‍ അറിയിച്ചു. സംഘാംഗങ്ങളല്ലാത്തവരില്‍നിന്ന് പാല്‍ ശേഖരിക്കുന്നില്ളെന്നും മില്‍മയുടെ ചെയര്‍മാന്‍െറ ശ്രദ്ധയില്‍പ്പെടുത്തി നടപടി എടുക്കാമെന്നും ക്ഷീരവികസന ഓഫിസര്‍ അറിയിച്ചു. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് രണ്ടു വര്‍ഷം മുമ്പ് ആരംഭിക്കേണ്ടിയിരുന്ന പല പദ്ധതികളും ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുന്നത് ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്ന് എം.എല്‍.എമാര്‍ ആരോപിച്ചു. പല പദ്ധതികളും കരാറെടുത്തവര്‍ ടെന്‍ഡര്‍ ഒഴിവായതുകൊണ്ടാന്ന് പണി മുടങ്ങിയതെന്നും റീ ടെന്‍ഡറിന് നടപടി എടുക്കാമെന്നും അറിയിച്ചു വടക്കഞ്ചേരി നൊട്ടൂര്‍ ടെക്നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി കോളജിന്‍െറ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് എ.കെ. ബാലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഏഴ് മാസമായി കോളജ് പ്രവര്‍ത്തിക്കുന്നില്ല. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫിസുകളുടെ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. എം.എല്‍.എമാരുടെ ഫണ്ടുകളുടെ ഉപയോഗം റിവ്യൂ ചെയ്യുന്നതിനുള്ള യോഗം ഡിസംബര്‍ ഏഴിന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വികസന സമിതിയില്‍ എം.എല്‍.എമാരായ വി.ടി. ബല്‍റാം, കെ. അച്യുതന്‍, ചെന്താമരാക്ഷന്‍, എം. ഹംസ, എ.കെ. ബാലന്‍. കെ.വി. വിജയദാസ്, എം. ചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധിയായ പി.ഇ.എ. സലാം മാസ്റ്റര്‍, എ.ഡി.എം യു. നാരായണന്‍കുട്ടി, ജില്ലാ പ്ളാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.