നഗരസഭയായിട്ട് നാല് പതിറ്റാണ്ടാകുന്നു: വികസനം കാര്യക്ഷമമാകാതെ ഷൊര്‍ണൂര്‍

ഷൊര്‍ണൂര്‍: അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഷൊര്‍ണൂര്‍ നഗരസഭക്ക് ഇനിയുമേറെ പടികള്‍ താണ്ടണം. നഗരസഭയായി നാലു പതിറ്റാണ്ട് കാലം പിന്നിടാന്‍ ഏറെ ദൂരമില്ളെന്നിരിക്കെ നഗരസഭക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഇവിടെയില്ല. ഷൊര്‍ണൂര്‍ കൊച്ചിപ്പാലത്തിനടുത്ത് കുളപ്പുള്ളി അന്തിമഹാകാളന്‍ കാടിനടുത്തും സംസ്ഥാന പാതക്കരികില്‍ മാലിന്യം കൊണ്ടിടുന്നത് തടയാന്‍ നടപടികളില്ല. ഒരു മാലിന്യ സംസ്കരണ പ്ളാന്‍റ് എന്നത് സ്വപ്നമായി തുടരുകയാണ്. വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനായി ഫണ്ടുകള്‍ നല്‍കുമെങ്കിലും ഇതിനായി ഒരു ഭരണാധികാരിയും മുന്‍കൈയെടുത്തിട്ടില്ല. ആധുനിക അറവുശാലയും മത്സ്യ-മാംസ മാര്‍ക്കറ്റും നഗരസഭയില്‍ ഇല്ല. മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതും നഗരസഭയുടെ പൊതു കക്കൂസ് പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ചുവരിന്‍െറ വ്യത്യാസം പോലുമില്ല. നഗരസഭയുടെ അധീനതയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പനി വന്നാല്‍ ചികിത്സിക്കുന്നതിനുള്ള സൗകര്യം പോലും തികച്ചില്ല. ടൗണ്‍ ഹാള്‍ എന്നത് ഇന്നും ബാലികേറാമലയായി തുടരുന്നു. പാര്‍ക്ക്, സ്റ്റേഡിയം എന്നിങ്ങനെ നഗരത്തിന് ആവശ്യം വേണ്ട സൗകര്യങ്ങളും ഇവിടെയില്ല. വഴി വിളക്കുകള്‍ ഷൊര്‍ണൂര്‍, കുളപ്പുള്ളി ടൗണുകളില്‍ പോലും പ്രകാശിക്കുന്നില്ല. ഭാരതപ്പുഴയെന്ന ജലസ്രോതസ്സിനെ പത്ത് ശതമാനം പോലും വിനിയോഗിക്കാന്‍ ഇതുവരെ കഴിയാത്ത ഏക തദ്ദേശ സ്വയംഭരണ സ്ഥാപനവുമാണ് ഷൊര്‍ണൂര്‍. കുളപ്പുള്ളിയില്‍ നഗരസഭക്ക് ബസ്സ്റ്റാന്‍ഡ് ഉണ്ടെന്നാണ് പറയുന്നതെങ്കിലും ഒരു കട മുറി പോലും ഇവിടെയില്ല. തനത് വരുമാനം കണ്ടത്തൊനുതകുന്ന ഒരു പദ്ധതിയും ഇതുവരെ നഗരസഭ പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഇതിനാല്‍ തന്നെ എല്ലാ മാസവും ജീവനക്കാര്‍ക്കുള്ള ശമ്പളം നല്‍കാനാവാതെ ദുസ്ഥിതിയും നഗരസഭക്കുണ്ട്. ഓണത്തിന് പോലും ശമ്പളം നല്‍കാന്‍ കഴിയാത്ത നഗരസഭയുമാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സി.ഡി.എസ് ഫണ്ട് തിരിമറി ചെയ്തതും ഇത് തിരിച്ചടക്കാത്തതും സി.ഡി.എസിന് സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നതിന് കൂടി തടസ്സമുണ്ടാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.