പൈപ്പ് പൊട്ടല്‍ തുടരുന്നു: കുടിവെള്ളം മുട്ടി ഷൊര്‍ണൂര്‍ നിവാസികള്‍

ഷൊര്‍ണൂര്‍: പൈപ്പ് പൊട്ടല്‍ അനിശ്ചിതമായി തുടരുന്നത് ഷൊര്‍ണൂരിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. ജല അതോറിറ്റിയുടെ പമ്പിങ് ആരംഭിച്ചാല്‍ പലയിടങ്ങളിലായി ജലം പാഴാവുകയാണ്. നഗരസഭാ പ്രദേശത്ത് ചുരുങ്ങിയത് 50 ഇടങ്ങളിലെങ്കിലും വെള്ളം പാഴാകുന്ന ദു$സ്ഥിതിയാണ്. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകളാണ് പ്രശ്നം സൃഷ്ടിക്കുന്നത്. പൈപ്പ് ലൈനുകള്‍ നവീകരിക്കാനുള്ള പദ്ധതികള്‍ അധികൃതര്‍ ആവിഷ്കരിക്കാതിരുന്നതാണ് വിനയായത്. പൈപ്പ് പൊട്ടിയ സ്ഥലത്ത് അറ്റകുറ്റപ്പണി നടത്തി മണിക്കൂറുകള്‍ക്കകം ഇവ പഴയ പടിയാവുന്നത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. ഷൊര്‍ണൂര്‍ ടൗണിലെ പ്രധാന പൈപ്പ് ലൈനുകള്‍ മാറ്റുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നഗരസഭയുടെ വിവിധ മേഖലകളിലേക്കുള്ള അനുബന്ധ പൈപ്പ്ലൈന്‍ നവീകരിക്കാന്‍ പദ്ധതി തയാറാക്കിയിട്ടില്ല. പ്രധാന പൈപ്പ് ലൈനുകള്‍ നവീകരിച്ചാല്‍ അനുബന്ധമായ ലൈനിലെ മറ്റു പൈപ്പുകള്‍ ഇപ്പോഴത്തേക്കാള്‍ കൂടുതല്‍ പൊട്ടാന്‍ സാധ്യതയുണ്ട്. ഷൊര്‍ണൂരില്‍ ജല അതോറിറ്റിയുടെ പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴയില്‍ ഇപ്പോള്‍ ആവശ്യത്തിനുള്ള വെള്ളമുണ്ട്. എന്നിട്ടും ജനങ്ങളില്‍ ഭൂരിഭാഗവും കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഉടന്‍ പ്രശ്നപരിഹാരമുണ്ടാക്കിയില്ളെങ്കില്‍ കടുത്ത വേനലില്‍ ജനം നട്ടം തിരിയുമെന്നുറപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.