പട്ടിത്തറ കൃഷിഭവന്‍ നല്‍കിയ വിത്ത് ഗുണനിലവാരം കുറഞ്ഞതെന്ന് ആക്ഷേപം

ആനക്കര: പട്ടിത്തറ കൃഷിഭവന്‍ ഗുണനിലവാരം കുറഞ്ഞ നെല്‍വിത്ത് വിതരണം ചെയ്തതായി കര്‍ഷകരുടെ പരാതി. രണ്ടാം വിളനടീലിന് നല്‍കിയ വിത്തില്‍ നാമമാത്രമേ മുളപൊട്ടിയുള്ളൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ പൂവ്വല്‍ കൃഷിക്കായി വാങ്ങിയതാണ് ഈ വിത്തെന്നും ഇത്തവണയാണ് ഉപയോഗിച്ചതെന്നുമാണ് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതാണ് പ്രശ്നമെന്നാണ് അധികൃതരുടെ പക്ഷം. കിലോക്ക് 36 രൂപ നിരക്കില്‍ 500 കിലോയോളം കാഞ്ചന വിത്താണ് ഒതളൂര്‍ പാടശേഖരത്തിലെ കര്‍ഷകര്‍ വാങ്ങിയതത്രെ. വര്‍ഷങ്ങളായി ഒരു പുതല്‍ മാത്രം ചെയ്തിരുന്ന കൃഷിയിടത്തില്‍ കര്‍ഷക കൂട്ടായ്മയില്‍ ഇത്തവണ രണ്ട് പുതല്‍ കൃഷിയിറക്കാനുള്ള ശ്രമത്തിനിടെയാണ് തിരിച്ചടിയെന്ന് കര്‍ഷകര്‍ പറയുന്നു. 14 കര്‍ഷകരുടെ കൂട്ടായ്മയില്‍ പാട്ടത്തിനെടുത്തും മറ്റുമാണ് പലരും കൃഷിക്കിറങ്ങിയത്. തൃശൂരിലെ സംസ്ഥാന വിത്ത് വികസന കേന്ദ്രത്തിലെ വിത്താണ് ഗുണനിലവാരമില്ലാതെ കര്‍ഷകരിലത്തെിയതെന്ന് കര്‍ഷകര്‍ ആരോപിച്ചു. തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പള്ളിശ്ശേരികുഴി മജീദ്, നമ്പത്ത്മന രാമന്‍ നമ്പൂതിരി, പുളിക്കല്‍ കോയ ഹാജി എന്നിവരുടെ നേതൃത്വത്തിനാണ് കര്‍ഷക കൂട്ടായ്മയൊരുക്കി ഇവിടെ കൃഷി നടത്തുന്നത്. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തില്‍നിന്ന് വിത്തുവാങ്ങി വീണ്ടും കൃഷിയിറക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.