ഒറ്റപ്പാലം: ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം പിന്നിട്ടിട്ടും സ്വപ്ന പദ്ധതിയായ ഒറ്റപ്പാലം മിനി സിവില്‍ സ്റ്റേഷന്‍ അടഞ്ഞുതന്നെ. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി വാടക കെട്ടിടങ്ങളിലും മറ്റും ചിതറിക്കിടക്കുന്ന സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യമായിരുന്നു പദ്ധതിക്ക് പിന്നില്‍. നിര്‍മാണഘട്ടത്തിലും ഉദ്ഘാടനത്തിലും പ്രകടമായ ബന്ധപ്പാട് ഓഫിസുകളുടെ മാറ്റത്തിന് ഇല്ലാതെപോയതാണ് ശാപമായത്. ഏഴ് കോടിയോളം രൂപ ചെലവിട്ട് 41,870 ചതുരശ്ര അടി വിസ്തൃതിയില്‍ നാലു നിലകളിലായാണ് മണി മന്ദിരം ഉയര്‍ന്നത്. സബ്ട്രഷറി, ലീഗല്‍ മെട്രോളജി, ജോയന്‍റ് ആര്‍.ടി.ഒ, സ്റ്റാറ്റിസ്റ്റിക്സ്, റീസര്‍വേ സൂപ്രണ്ട്, ഡി.പി.ഒ, വില്‍പനനികുതി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍, അസി. ലേബര്‍ ഓഫിസര്‍, എക്സൈസ് റെയ്ഞ്ച്, സോയില്‍ കണ്‍സര്‍വേഷന്‍, വ്യവസായ വകുപ്പ് എന്നീ ഓഫിസുകളാണ് മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള പറിച്ചുനടലിന് കാത്തുകെട്ടി കിടക്കുന്നത്. ലിഫ്റ്റടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോടെ കണ്ണിയംപുറത്തെ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഓഫിസ് വളപ്പിലാണ് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കിയത്. വൈദ്യുതീകരണം ബാക്കിനില്‍ക്കെയായിരുന്നു ഉദ്ഘാടനം. കെ.എസ്.ഇ.ബി ആവശ്യപ്പെട്ട 1.60 ലക്ഷം രൂപ കെട്ടിവെച്ചതോടെ പിന്നീട് ലൈന്‍ വലിച്ചു. ഓഫിസ് മുറികളിലെ വൈദ്യുതീകരണമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതത് വകുപ്പുകള്‍ നടത്തണമെന്നതാണ് നിര്‍ദേശം. മാസങ്ങള്‍ക്ക് മുമ്പ് ഓഫിസ് മാറ്റത്തിലെ അലംഭാവം അവസാനിപ്പിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മുറികള്‍ക്ക് നമ്പറിടാത്തതാണ് ഓഫിസ് മാറ്റം വൈകുന്നതിന്‍െറ കാരണമെന്നാണ് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.