മോഷണക്കേസുകളില്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയവര്‍ വീണ്ടും അറസ്റ്റില്‍

പാലക്കാട്: നഗരത്തില്‍ വന്‍ മോഷണം പദ്ധതിയിട്ടുവന്ന മോഷ്ടാക്കളെ ടൗണ്‍ നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണപ്പാറ ചീക്കോട് വെട്ടുപാറക്കല്‍ അലവിക്കുട്ടി (34), മക്കരപ്പറമ്പ് പുളിയ മഠത്തില്‍ ലത്തീഫ് (26) എന്നിവരെയാണ് ബുധനാഴ്ച രാത്രി ഒലവക്കോട് ജൈനിമേടില്‍ അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കല്‍നിന്ന് ഹാക്സോ ബ്ളേഡ്, കമ്പിപ്പാര എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കഴിഞ്ഞ മാസമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയത്. രണ്ടാളും വെവ്വേറെ കേസുകളില്‍പ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയവെ പരിചയപ്പെടുകയും ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം മോഷണത്തിന് ആസൂത്രണം നടത്തുകയായിരുന്നു. അലവിക്കുട്ടിക്കെതിരെ ഒറ്റപ്പാലം, താനൂര്‍, കോട്ടക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ച, വാഹനമോഷണം കേസുകള്‍ നേരത്തേ തന്നെയുണ്ട്. കുപ്രസിദ്ധമായ ഒറ്റപ്പാലം ‘വാണീവിലാസിനി കവര്‍ച്ച’ കേസിലെ പ്രതിയാണ് അലവിക്കുട്ടി. കുപ്രസിദ്ധ വാഹനമോഷ്ടാവ് ചെമ്പ്രശ്ശേരി ബഷീറിനൊപ്പം വാഹന മോഷണ കേസില്‍പ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ലത്തീഫിനെതിരെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, എടക്കര, മേലാറ്റൂര്‍, വഴിക്കടവ്, അരീക്കോട്, മഞ്ചേരി, എടവണ്ണ, വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി, തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന കുപ്രസിദ്ധമായ ‘മൂത്തേടം കവര്‍ച്ച’യിലെ ഒന്നാം പ്രതിയാണ് ലത്തീഫ്. കൂട്ടുപ്രതിയായ അബ്ദുല്‍ കരീം ഇപ്പോഴും കണ്ണൂര്‍ ജയിലിലാണ്. ആഡംബര ജീവിതം നയിക്കാനാണ് പ്രതികള്‍ മോഷണ മുതലുകള്‍ വിറ്റുകിട്ടുന്ന പണം ചെലവഴിച്ചിരുന്നത്. മലപ്പുറം ജില്ലയില്‍ നില്‍ക്കാന്‍ പറ്റാതായതോടെയാണ് പുതിയ തട്ടകം തേടി ഇവര്‍ പാലക്കാട്ടത്തെിയത്. രാത്രി സംശയ സാഹചര്യത്തില്‍ കാണാനിടയായ ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസില്‍ വിവരം നല്‍കിയത്. ഉടന്‍ സ്ഥലത്തത്തെിയ നൈറ്റ് പട്രോളിങ് പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ വെള്ളിയാഴ്ച പാലക്കാട് കോടതിയില്‍ ഹാജരാക്കും. ടൗണ്‍ നോര്‍ത് സി.ഐ ആര്‍. ഹരിപ്രസാദ്, എസ്.ഐ എം. സുജിത്, എസ്.ഐ പുരുഷോത്തമന്‍ പിള്ള, കണ്‍ട്രോള്‍ റൂം എ.എസ്.ഐ സാന്‍റിച്ചന്‍ ജോസഫ്, സി.പി.ഒ ശ്രീനിവാസന്‍, റഷീദ്, പ്രദീപ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.