മാതാപിതാക്കള്‍ ദുരിതപ്പായയില്‍; പിഞ്ചുമക്കളുമായി നിസ്സഹായതയില്‍ വൈശാഖ്

കോട്ടായി: വൃദ്ധപിതാവ് നാല് വര്‍ഷമായി ശരീരം തളര്‍ന്ന് അനങ്ങാന്‍ പോലുമാവാതെ ഒരേ കിടപ്പ്. മാതാവ് ശരീരമാസകലം തൊലി വിണ്ടുകീറി ദുരിതപായയില്‍. ഏക മകന്‍െറ ഭാര്യ മൂന്ന് മക്കളെ തനിച്ചാക്കി വേദനകളില്ലാത്ത ലോകത്തേക്ക് വിടപറഞ്ഞു. താമസിക്കുന്നതാവട്ടെ കനാല്‍ പുറമ്പോക്ക് സ്ഥലത്ത് പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയ ഷെഡില്‍. കോട്ടായി കീഴത്തൂര്‍ മഠത്തുംപടി വീട്ടില്‍ വൈശാഖിന്‍െറ (31) ദുരിതാവസ്ഥയാണിത്. കെട്ടിടനിര്‍മാണ തൊഴിലാളിയായ പിതാവ് രാമചന്ദ്രന്‍ (57) നാലുവര്‍ഷം മുമ്പാണ് തളര്‍വാതം ബാധിച്ച് കിടപ്പിലായത്. കഴിഞ്ഞ വിഷുദിനത്തലേന്ന് രാമചന്ദ്രന്‍െറ ഭാര്യ തങ്ക (47) ശരീരമാസകലം തൊലിയുരിയുന്ന രോഗം ബാധിച്ച് കിടപ്പിലായി. വൈശാഖിന്‍െറ ഭാര്യ പറക്കമുറ്റാത്ത മൂന്ന് മക്കളെ ഏല്‍പ്പിച്ച് മരണത്തിന് കീഴടങ്ങിയത് നാലുമാസം മുമ്പാണ്. മാതാപിതാക്കള്‍ കിടപ്പിലായതോടെ ഏക മകന്‍ വൈശാഖിന് പണിക്ക് പോകാന്‍ പറ്റാതായി. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് വൈശാഖ്. കിടപ്പിലായ മാതാപിതാക്കളെയും മൂന്ന് കുരുന്നു മക്കളെയും പരിപാലിക്കേണ്ടതിനല്‍ ജോലിക്ക് പോലും പോകാന്‍ കഴിയാത്ത സ്ഥിതയിലാണ് വൈശാഖ്. നേരത്തേയെടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ കിടപ്പാടം നഷ്ടമായി. തീര്‍ത്തും നിസ്സഹായരായ ഈ കുടുംബം ഇതോടെയാണ് ഒടുങ്ങോട്ടുപറമ്പ് കനാല്‍ പുറമ്പോക്കില്‍ പ്ളാസ്റ്റിക് ഷീറ്റ് കെട്ടി താമസം തുടങ്ങിയത്. അയല്‍ക്കാരും സന്നദ്ധ സേവകരുമാണ് രോഗികളായ മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. കുടുംബത്തിന്‍െറ റേഷന്‍ കാര്‍ഡ് എ.പി.എല്‍ ആയതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യവും ലഭിക്കുന്നില്ല. കുടുംബത്തിന്‍െറ ദയനീയ സ്ഥിതി മനസ്സിലാക്കി പഞ്ചായത്ത് അംഗം എന്‍.കെ. ശശിധരന്‍ ചെയര്‍മാനും കെ.ഇ. യഹ്യ കണ്‍വീനറുമായി 21 അംഗ ‘കരുണ’ കുടുംബസഹായ നിധി എന്ന പേരില്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരുടെ പേരില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് കോട്ടായി ബ്രാഞ്ചില്‍ ജോയന്‍റ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 44 57 22 000 35 226. ഐ.എഫ്.എസ്.സി കോഡ്: synb 000 4457.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.