അനാസ്ഥയുടെ സ്മാരകമായി ഈസ്റ്റ് ഒറ്റപ്പാലത്തെ പമ്പ് ഹൗസ്

ഒറ്റപ്പാലം: ജലസേചന വകുപ്പ് ഉപേക്ഷിച്ച സംസ്ഥാനപാതയോരത്തെ പമ്പിങ് സ്റ്റേഷന്‍ അനാസ്ഥയുടെ സ്മാരകമാകുന്നു. ഈസ്റ്റ് ഒറ്റപ്പാലം പൊലീസ് ക്വാര്‍ട്ടേഴ്സ് പരിസരത്തെ പാതയോരത്താണ് കാടുമൂടിയ നിലയില്‍ പമ്പിങ് സ്റ്റേഷനുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ പരിസരം കാടുമൂടി കിടക്കുന്ന പമ്പിങ് സ്റ്റേഷന്‍ പൊളിച്ചു നീക്കാന്‍ ജലസേചന വകുപ്പ് തയാറല്ല. പരിസരത്തെ ഏതാനും സ്വകാര്യ വ്യക്തികള്‍ കെട്ടിട നിര്‍മാണത്തിന് മറ തീര്‍ക്കുന്ന പമ്പിങ് സ്റ്റേഷന്‍ പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി ജലസേചന വകുപ്പിനെ സമീപിച്ചെങ്കിലും സ്വന്തം ചെലവില്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നത്രെ. ഇതിന് സമ്മതം അറിയിച്ചെങ്കിലും പമ്പിങ് സ്റ്റേഷന്‍െറ താഴെ സ്ഥാപിച്ച കൂറ്റന്‍ ജലസംഭരണി കൂടി നീക്കം ചെയ്യണമെന്ന വ്യവസ്ഥ ജല അതോറിറ്റി മുന്നോട്ടു വെച്ചതോടെ സന്നദ്ധത പ്രകടിപ്പിച്ചവര്‍ പിന്‍വാങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഭൂഗര്‍ഭ ജല സംഭരണി നീക്കം ചെയ്യാനുള്ള പണ ചെലവ് ഊഹിക്കാനാവാത്തതാണ് പിന്‍വാങ്ങലിന് കാരണം. ഈസ്റ്റ് ഒറ്റപ്പാലത്തെ പുഴയില്‍നിന്ന് പമ്പിങ് നടത്തി ജലം ഇവിടെ സംഭരിച്ച ശേഷം കയറമ്പാറയിലെ സംഭരണിയിലേക്ക് എത്തിക്കാനുള്ള സംവിധാനമായിട്ടായിരുന്നു ഈ പമ്പ് ഹൗസ് ഉപയോഗിച്ചിരുന്നത്. പ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ ഇതിലുണ്ടായിരുന്ന മോട്ടോര്‍ ജല അതോറിറ്റി കൊണ്ടുപോയി. വ്യാപാര സ്ഥാപനത്തിനും മറ്റുമായി കെട്ടിടം പണിയാനുള്ള ശ്രമം മറ തീര്‍ത്തു നില്‍ക്കുന്ന പമ്പിങ് സ്റ്റേഷന്‍ നിലനില്‍ക്കുന്നതു മൂലം ചിലര്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.