ഓണരാവുകൾക്ക് കൊടിയിറങ്ങി

തിരുവനന്തപുരം: താളവും മേളവും വേദികള്‍ കീഴടക്കിയ ഏഴ് സുന്ദരരാവുകൾക്ക് വിടനല്‍കി ഓണം വാരാഘോഷം സമാപിച്ചു. കേരളീയ കലാരൂപങ്ങളും ഇതരസംസ്ഥാന നാടൻകലകളും 150ൽപരം നിശ്ചലദൃശ്യങ്ങളും അണിനിരന്ന പ്രൗഢഗംഭീര ഘോഷയാത്രയോടെയാണ് സെപ്റ്റംബർ 10 മുതൽ ആരംഭിച്ച ആഘോഷങ്ങൾക്ക് തിങ്കളാഴ്ച തിരിയണഞ്ഞത്. ഇന്നലെ വൈകീട്ട് അഞ്ചിന് മാനവീയം വീഥിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. ഘോഷയാത്രക്ക് കാഹളം മുഴക്കുന്ന 'കൊമ്പ്' ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യകലാകാരന് നൽകിയതോടെയാണ് വാദ്യമേളങ്ങൾക്ക് തുടക്കമായത്. മേളങ്ങൾ നാദവിസ്മയം തീർത്തതോടെ അനന്തപുരി ആർപ്പുവിളികളിൽ മുങ്ങുകയായിരുന്നു. പൊരിവെയിലിനെപ്പോലും കൂസാതെ മണിക്കൂറുകൾക്ക് മുേമ്പ റോഡ് കൈയടക്കി കാത്തിരുന്ന കാണികള്‍ക്ക് കണ്ണിനും കാതിനും മധുരമൂറുന്ന വിഭവങ്ങളായിരുന്നു ഘോഷയാത്രയില്‍ സർക്കാർ ഒരുക്കിയിരുന്നത്. യൂനിവേഴ്സിറ്റി കോളജിന് മുന്നിൽ ഒരുക്കിയിരുന്ന പ്രത്യേക വി.ഐ.പി പന്തലിൽ ഭഗവതി തെയ്യമാണ് ആഘോഷത്തിൻെറ കൊട്ടിക്കലാശം അറിയിച്ച് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ പടയണിയും വിവിധ തെയ്യക്കോലങ്ങളും കണ്ണിന് നിറവേകി. പൂരത്തിന് ആവേശമായി തൃശൂരില്‍നിന്ന് പുലികളുമെത്തിയതോടെ മേളപ്പെരുമയിൽ തെരുവുകൾ ഉണരുകയായിരുന്നു. രാജസ്ഥാനിൽനിന്നുള്ള ചക്രിനൃത്തം, മണിപ്പൂരിൽനിന്നുള്ള ലായിഹരൗബ, പഞ്ചാബിൻെറ ബംഗ്ര, മഴദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ് നൃത്തം കരഗം, കർണാടകയിലെ ഡോൽ കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു- കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലുങ്കാനയുടെ ലംബാഡി, ആന്ധ്രപ്രദേശിൻെറ തപ്പാട്ട് ഗുലു നൃത്തം എന്നിവയും ഇത്തവണ ഘോഷയാത്രയുടെ പ്രധാന ആകർഷങ്ങളായിരുന്നു. സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങളാണ് സമാപനഘോഷയാത്ര കാണാനെത്തിയത്. യൂനിവേഴ്‌സിറ്റി കോളജിന് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിരുന്ന വി.വി.ഐ.പി പവലിയനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി പ്രഫ്ലാദ് സിങ് പട്ടേല്‍, മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടവ്യക്തികള്‍ എത്തിയിരുന്നു. നിശാഗന്ധിയിൽ നടന്ന സമാപനസമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്തു. മികച്ച ഫ്ലോട്ടുകൾക്കും അത്തപ്പൂക്കളം, തിരുവാതിരകളി മത്സരവിജയികൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.