അഭയ കേസ്​: രണ്ട്​ കന്യാസ്​ത്രീകൾ കൂടി കൂറുമാറി, രണ്ടുപേരെ ഒഴിവാക്കി

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ രണ്ട് കന്യാസ്ത്രീകൾ കൂടി കൂറുമാറി. കേസിലെ 40, 53 സാക്ഷികളായ ആനി ജോൺ, സുദീപ എ ന്നിവരാണ് വിസ്താരത്തിനിടെ പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നൽകിയത്. കൂറുമാറുമെന്ന സംശയത്തിൽ രണ്ട് കന്യാസ്ത്രീകളെ വിചാരണയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ അഭയ കൊലക്കേസിൽ ഇതുവരെ വിസ്തരിച്ച 13 സാക്ഷികളിൽ ആറുപേർ കൂറുമാറി. നാലാംസാക്ഷി സഞ്ജു പി. മാത്യു, 50ാം സാക്ഷി സിസ്റ്റർ അനുപമ, 21ാം സാക്ഷി നിഷാ റാണി, അടുക്കള ജീവനക്കാരിയും 32ാം സാക്ഷിയുമായ അച്ചാമ്മ എന്നിവരാണ് ഇതിനുമുമ്പ് കൂറുമാറിയത്. ഇന്നലെ വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന സിസ്റ്റർ നവീന, സിസ്റ്റർ കൊച്ചുറാണി എന്നീ സാക്ഷികളെയാണ് പ്രതിഭാഗത്തിനനുകൂലമായി മൊഴി നൽകും എന്ന സംശയത്തിൽ സി.ബി.ഐ വിസ്തരിക്കുന്നതിൽനിന്ന് ഒഴിവാക്കിയത്. കഴിഞ്ഞദിവസവും ഇതേ കാരണത്താൽ സിസ്റ്റർ വിനീത, സിസ്റ്റർ ആനന്ദ്, സിസ്റ്റർ ഷേർലി എന്നിവരെ ഒഴിവാക്കിയിരുന്നു. സിസ്റ്റർ അഭയയെ കാണാനില്ല എന്ന് മദർ സുപ്പീരിയർ അറിയിച്ചതനുസരിച്ചാണ് അവിടെ എത്തിയതെന്നും കോൺവൻെറിലെ അടുക്കളഭാഗത്ത് ചെല്ലുമ്പോൾ അസ്വാഭാവികരംഗങ്ങൾ കണ്ടിരുെന്നന്നുമാണ് ഇപ്പോൾ കൂറുമാറിയ രണ്ട് കന്യാസ്ത്രീകളും സി.ബി.െഎക്ക് നൽകിയിരുന്ന മൊഴി. അഭയയുടെ ശിരോവസ്ത്രം, പ്ലാസ്റ്റിക് ചെരിപ്പുകൾ, കോടാലി തുടങ്ങിയവ കണ്ടിരുന്നുവെന്നും 1997 ആഗസ്റ്റ് രണ്ടിന് സി.ബി.ഐക്ക് ഇവർ മൊഴി നൽകിയിരുന്നു. ഇതിൽ ശിരോവസ്ത്രം കണ്ടിരുന്നു എന്നതൊഴിച്ച് മറ്റ് കാര്യങ്ങൾ ഇവർ നിഷേധിച്ചു. ഇതിനെതുടർന്നാണ് ഇവരെ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. സിസ്റ്റർ അഭയയെ കാണാനില്ല എന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അന്നത്തെ മദർ സുപ്പീരിയർ പരാതി നൽകിയിരുന്നു. പരാതിയിൽ കാണുന്ന ഒപ്പ് മദർ സുപ്പീരിയറിേൻറതാണോ എന്ന സി.ബി.ഐ അഭിഭാഷകൻെറ ചോദ്യത്തിന് മറുപടി നൽകാതെ നിന്ന സിസ്റ്ററെ കോടതി രൂക്ഷമായി വിമർശിച്ചു. കോടതിയിൽ സാക്ഷിപറയാൻ വരുന്നവർ നിയമത്തിന് അധീനരാണെന്നും പുതുതലമുറക്ക് മാതൃക കാണിക്കേണ്ടവർ, സഭാവിശ്വാസികൾ എന്ന കാരണത്താൽ കുറ്റം ചെയ്യുന്നവരെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സി.ബി.ഐ ജഡ്‌ജി സനിൽകുമാർ വിമർശിച്ചു. അഭയയുടെ കഴുത്തിലെ മുറിപ്പാടുകൾ സംബന്ധിച്ച് സി.ബി.ഐക്ക് നൽകിയിരുന്ന മൊഴിയും കോടതിയിൽ സിസ്റ്റർ ആനി ജോൺ നിഷേധിച്ചു. അഭയ കൊല്ലപ്പെടുന്നദിവസം വെളുപ്പിന് കോൺവൻെറിന് പുറത്തെ കിണറ്റിൽ അതിശക്തമായ എന്തോ വീഴുന്ന ശബ്‌ദം കേട്ടിരുന്നതായും കോൺവൻെറിലെ അടുക്കളഭാഗത്ത് അസ്വാഭാവിക രംഗങ്ങൾ കണ്ടതായും സി.ബി.ഐക്ക് മുന്നിൽ 1993 ഡിസംബർ 21ന് നൽകിയിരുന്ന മൊഴി സഭയുടെ സ്കൂളിലെ അധ്യാപികകൂടിയായ സിസ്റ്റർ സുദീപ ഇന്നലെ നിഷേധിച്ചു. കേസിൽ തുടർ സാക്ഷിവിസ്താരം ചൊവ്വാഴ്ചയും സി.ബി.ഐ പ്രത്യേക കോടതിയിൽ നടക്കും. 1992 മാർച്ച് 27ന് കോട്ടയത്തെ പയസ് ടെൻത് കോൺവൻെറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ. കന്യാസ്ത്രീസമൂഹത്തെ അപമാനിക്കരുതെന്ന് സാക്ഷിയോട് കോടതി തിരുവനന്തപുരം: കോട്ടയം പയസ് ടെൻത് കോൺവൻെറിലെ പല കന്യാസ്ത്രീകളും ഇടക്കിടെ ഒളിച്ചോടിപ്പോകുമായിരുന്നുവെന്ന് 53ാം സാക്ഷിയായ സിസ്റ്റർ ആനി ജോൺ. സാക്ഷി കന്യാസ്ത്രീസമൂഹത്തെ അടച്ച് അപമാനിക്കരുതെന്ന് കോടതി പറഞ്ഞു. സിസ്റ്റർ ആനി ജോൺ ഇന്നലെ പ്രോസിക്യൂഷൻ നടത്തിയ എതിർവിസ്താരത്തിലാണ് ഇങ്ങനെ മൊഴി നൽകിയത്. അഭയയുടെ ശിരോവസ്ത്രം അടുക്കളഭാഗത്ത് കിടക്കുന്നത് കണ്ടപ്പോൾ എന്ത് തോന്നി എന്ന സി.ബി.ഐ അഭിഭാഷകൻെറ ചോദ്യത്തിന് മറുപടിയായാണ് അവർ ഇങ്ങനെ പറഞ്ഞത്. മറുപടികൾ നൽകുമ്പോൾ ആലോചിച്ച് പറയണമെന്ന് കോടതി സിസ്റ്റർക്ക് താക്കീത് നൽകി. എന്നാൽ സിസ്റ്റർ അഭയ ഇടക്കിടെ ഇങ്ങനെ കോൺവൻെറിൽനിന്ന് പോകാറുണ്ടെന്നും മറ്റ് കന്യാസ്ത്രീകളും അവിടെനിന്ന് കൂടക്കൂടെ പോകുമായിരുന്നെന്നുമാണ് താൻ പറഞ്ഞതെന്ന് സിസ്റ്റർ ആനി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.