പ്രളയദുരിതാശ്വാസം: 9.95 കോടി വിതരണം ചെയ്തെന്ന്​ അധികൃതർ

മലപ്പുറം: ഇൗ വർഷത്തെ പ്രളയദുരിതാശ്വാസമായി ജില്ലയിൽ 9.95 കോടി രൂപ വിതരണം ചെയ്തെന്ന് അധികൃതർ. ദുരന്തത്തിൽ മരിച്ച 1 5 പേരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം 60 ലക്ഷം കൈമാറി. അടിയന്തര ദുരിതാശ്വാസമായി 10,000 രൂപ വീതം 9354 പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും നൽകി. കവളപ്പാറയിൽ മരിച്ച 36 പേരുടെ അനന്തരാവകാശികൾക്ക് നാലു ലക്ഷം രൂപ വീതം മൊത്തം 1.44 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഈ തുക ഉടൻ നൽകും. ബാക്കിയുള്ള കേസുകളിൽ അനന്തരാവകാശികളെ സംബന്ധിച്ച് നിയമോപദേശം ലഭിക്കേണ്ടതുണ്ട്. അടിയന്തര ധനസഹായം നിലമ്പൂർ താലൂക്കിലെ 1541 പേർക്ക് അടക്കം 1547 പേർക്ക് കൂടി ഉത്തരവായിട്ടുണ്ട്. ആദ്യഘട്ടമായി ക്യാമ്പുകളിൽ താമസിച്ചവർക്കാണ് അടിയന്തര സഹായം അനുവദിക്കുന്നത്. ജില്ലയിൽ ക്യാമ്പുകളിൽ ഉണ്ടായിരുന്നത് 19,392 കുടുംബങ്ങളാണ്. ഇതിൽ 10,901 പേർക്ക് അടിയന്തര സഹായം അനുവദിച്ചിട്ടുണ്ട്. പേര്, ഫോൺ നമ്പർ, റേഷൻ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ നൽകിയവർക്ക് നേരിട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കും. ക്യാമ്പുകളിൽ താമസിച്ചിരുന്നവരിൽ വിവരങ്ങൾ നൽകാത്തവർ ഉടൻ വില്ലേജ് ഓഫിസിൽ എത്തിക്കണം. ബന്ധുവീടുകളിലേക്ക് മാറി താമസിച്ചവരുടെ വിവരങ്ങൾ ഫീൽഡ് പരിശോധനയിൽ ശേഖരിച്ചതിനു ശേഷമാണ് അടിയന്തര സഹായം അനുവദിക്കുകയെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.