ജില്ലയിൽ ഹർത്താൽ പൂർണം

പാലക്കാട്: ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫും ഇടതുപാർട്ടികളും ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. കെ.എസ്.ആർ.ടി.സി ഉൾെപ്പടെ പൊതുഗതാഗത സംവിധാനങ്ങൾ നിശ്ചലമായി. റെയിൽവേ സ്റ്റേഷനുകളിൽ എത്തിയവരും നട്ടം തിരിഞ്ഞു. ജില്ലയിൽ എവിടെയും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് തിങ്കളാഴ്ച നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു. ഹർത്താൽ സമയം കഴിഞ്ഞതോടെ പാലക്കാട് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് പുനരാരംഭിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി ടി.ടി.ഒ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഹാജർനില കുറവായിരുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ വ്യാവസായിക മേഖലയായ കഞ്ചിക്കോടിനെയും ഹർത്താൽ സാരമായി ബാധിച്ചു. സാധാരണ ഹർത്താലിൽനിന്ന് വ്യത്യസ്തമായി സമരാനുകൂലികളുടെ നേതൃത്വത്തിലുള്ള വഴിതടയലും തിങ്കളാഴ്ചത്തെ ഹർത്താലിൽ കുറവായിരുന്നു. പാലക്കാട്-പൊന്നാനി സംസ്ഥാനപാതയിൽ ഒറ്റപ്പാലത്ത് മാത്രമാണ് കോൺഗ്രസ് പ്രവർത്തകർ വഴി തടഞ്ഞത്. പ്രധാന കവലകളിലെല്ലാം പൊലീസ് കാവലുണ്ടായിരുന്നു. ഹർത്താലിനോടനുബന്ധിച്ച് സമരാനുകൂലികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി. നിരവധി പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ഹർത്താലിനോടനുബന്ധിച്ച് ട്രെയിനുകളിൽ സാധാരണയില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഓഫിസുകളിലും മറ്റ് സ്ഥലങ്ങളിലും എത്തേണ്ടവർ ട്രെയിനുകളെയാണ് പ്രധാനമായും ആശ്രയിച്ചത്. റെയിൽവേ സ്റ്റേഷനുകളിൽനിന്ന് സ്വകാര്യവാഹനങ്ങളുടെയും ബൈക്കുകളുടെയും സഹായത്തോടെയാണ് പലരും ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.