മാവോവാദി ഗറില്ല സേനയുടെ അംഗസംഖ‍്യയിൽ വർധനയെന്ന്​ ഇൻറലിജൻസ്​ റിപ്പോർട്ട്

നിലമ്പൂർ: നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത‍്യേക മേഖല സമിതിയുടെ കേരള ഘടകത്തിൽ അംഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായതായി സംസ്ഥാന നക്സൽ വിരുദ്ധ ഇൻറലിജൻസ് വിഭാഗത്തി‍​െൻറ റിപ്പോർട്ട്. വയനാട്, കോഴിക്കോട് റൂറൽ, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് അംഗബലം കൂടിയതെന്നാണ് റിപ്പോർട്ട്. 2016 നവംബർ 24ന് നിലമ്പൂർ കാട്ടിലുണ്ടായ വെടിവെപ്പിന് ശേഷമാണ് അംഗബലത്തിൽ വർധന ഉണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്. മാവോവാദി രക്തസാക്ഷി വാരാചരണത്തോടനുബന്ധിച്ച് കഴിഞ്ഞ ആഗസ്റ്റ് ആദ‍്യവാരം കോഴിക്കോട്-വയനാട് വനാതിർത്തിയിൽ മേഖല യോഗം ചേർന്നതായി വിവരമുണ്ട്. യോഗത്തിൽ 40 മുതൽ 45 വരെ അംഗങ്ങൾ പങ്കെടുത്തതായി മാവോവാദി വിരുദ്ധസേന ഇൻറലിജൻസ് പറയുന്നു. ഈ സംഘം ഇപ്പോൾ വയനാട് വനമേഖലയിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വയനാട്, മലപ്പുറം ജില്ലകളിൽ മുമ്പ് നടന്ന ഇത്തരം യോഗങ്ങളിൽ 30ൽ താഴെയായിരുന്നു അംഗസംഖ‍്യ. കേരളത്തിൽ പ്രവർത്തിച്ചിരുന്ന പി.എൽ.ജി.എ അംഗസംഖ‍്യ 30ൽ താഴെയായിരുന്നു. തിരിച്ചറിയാത്ത പത്ത് മുതൽ 15 വരെയുള്ള പുതിയ അംഗങ്ങൾ സേനയുടെ ഭാഗമായെന്നാണ് സൂചന. ഇതിൽ ഉത്തരേന്ത‍്യക്കാരുടെ സാന്നിധ‍്യം ഉറപ്പാക്കിയിട്ടുണ്ട്. 2013 ഫെബ്രുവരി ആദ‍്യവാരം കേരളത്തിലെ കാടുകളിൽ മാേവാവാദി സാന്നിധ‍്യം സ്ഥിരീകരിച്ചതു മുതൽ ഇവിടെ പ്രവർത്തിച്ചിരുന്നത് കർണാടക, തമിഴ്നാട്, കേരള കാഡർമാരാണ്. എന്നാൽ, സമീപകാലത്ത് ആന്ധ്ര, ഛത്തിസ്ഗഢ്, ഝാർഖണ്ഡ് മേഖലയിൽ പ്രവർത്തിച്ചിരുന്നവരുടെ സാന്നിധ‍്യം ഇവിടെയുണ്ട്. നിലവിലുള്ള ദേശീയ-സംസ്ഥാന സാഹചര‍്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നാണ് ആഗസ്റ്റിൽ കോഴിക്കോട്-വയനാട് വനാതിർത്തിയിൽ ചേർന്ന രക്തസാക്ഷി വാരാചരണ യോഗത്തിലെ വിലയിരുത്തൽ. രക്തസാക്ഷി വാരാചരണത്തോടനുബന്ധിച്ച് സംഘടന പുറത്തിറക്കിയ ബാനറുകൾ നൽകുന്ന സൂചനകളിതാണ്. അനുകൂല സാഹചര‍്യം മുതലെടുക്കുന്ന ബാനറുകളും ഈ കൂട്ടത്തിലുണ്ട്. പ്രകൃതിയെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളെ തള്ളിക്കളയണം, പശ്ചിമഘട്ടത്തെ സംരക്ഷിച്ച് കാലവർഷവും പ്രളയവും തടുക്കണം. അമിത ലാഭത്തിന് വേണ്ടി പ്രകൃതിയെ കൊള്ളയടിച്ച് ഇല്ലാതാക്കുന്നതാണ് പ്രളയക്കെടുതികൾക്ക് ആധാരമെന്നും പോസ്റ്ററുകളിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.