ആശുപത്രികളിൽ അത്യാഹിത യൂനിറ്റുകളിൽ 'ട്രയേജ് ഏരിയ' ഇപ്പോഴും കടലാസിൽ

മഞ്ചേരി: അപകടങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിൽ എത്തിക്കുന്നവരെ പരിക്കി‍​െൻറ സ്വഭാവമറിഞ്ഞ് വേർതിരിക്കാനും പരമാവധി പരിചരണം നൽകാനുമുള്ള 'ട്രയേജ് ഏരിയ' സംവിധാനം നിർദേശങ്ങളിൽ ഒതുങ്ങി. സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളുടെ വിപുലീകരണത്തോടെയേ ഇത് യാഥാർഥ്യമാവൂ. ആരോഗ്യ സെക്രട്ടറി കഴിഞ്ഞ മാർച്ചിൽ നിർദേശിച്ചതാണ് ഇക്കാര്യം. അത്യാഹിത വിഭാഗങ്ങളിൽ കൂടുതൽ പേരെ വേർതിരിച്ച് കിടത്താനുള്ള സൗകര്യമാണ് ഇതിൽ പ്രധാനം. ആശുപത്രികളിലെ സൗകര്യമനുസരിച്ച് ഇതി‍​െൻറ ഘടനക്കും മാറ്റം വരും. ചില ഘട്ടങ്ങളിൽ ഗുരുതര പരിക്കേറ്റ് സർക്കാർ ആശുപത്രിയിൽ രോഗിയെ എത്തിച്ചാലും ബന്ധപ്പെട്ടവരുടെ ശ്രദ്ധയും പരിചരണവും കിട്ടാൻ പലഘട്ടങ്ങൾ കഴിയേണ്ടിവരും. ജില്ലയിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലും പരിമിതമാണ് ഈ സൗകര്യം. സംസ്ഥാനത്ത് വാഹനാപകടങ്ങളിൽപെട്ട് മരണമടയുന്നതിൽ വലിയൊരു വിഭാഗം സമയത്തിന് ആശുപത്രികളിൽ എത്താത്തതും ആദ്യ മണിക്കൂറുകളിൽ കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കാത്തതുമാണ്. അപകടം നടന്ന ആദ്യ 60 മിനിറ്റ് ഗോൾഡൻ ഹവർ എന്നാണ് അറിയപ്പെടുക. ആവശ്യമായ അടിയന്തര ചികിത്സ ലഭ്യമാക്കാനും ട്രയേജ് ഏരിയ അനിവാര്യമാണ്. പരിക്കേറ്റ് ഒരു സംഘം പേരെ ഒന്നിച്ച് എത്തിച്ചാൽ പരിക്കി‍​െൻറ സ്വഭാവവും ലഭിക്കേണ്ട തീവ്രപരിചരണത്തി‍​െൻറ രീതിയും കണക്കാക്കി വേർതിരിച്ച് കിടത്താനുള്ള സംവിധാനവും ട്രയേജ് ഏരിയയിൽ വേണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗങ്ങളുള്ള സർക്കാർ ആശുപത്രികളിൽ ഈ സൗകര്യമില്ല. നിലവിൽ സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിന് വേണ്ടത്ര സ്ഥലമില്ല. ഉള്ള സ്ഥലത്ത് നിത്യേന എത്തുന്ന ഒ.പി രോഗികളുടെ തിരക്കാണ്. സർക്കാർ ആശുപത്രികളിൽ ഒ.പി സമയം വൈകീട്ട് വരെയാക്കാൻ സർക്കാർ തീരുമാനിച്ച സ്ഥിതിക്ക് ഇത് നടപ്പാക്കണമെന്നും ഇപ്പോഴത്തെ അത്യാഹിത വിഭാഗത്തിൽ അത്യാഹിത സ്വഭാവമില്ലാതെ എത്തുന്ന രോഗികൾക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ‍്യമുണ്ട്. മുഴുവൻ ആശുപത്രികളിലും അപകടങ്ങളിൽ ചികിത്സ തേടി എത്തുന്നവരുടെ കൃത്യമായ കണക്കും രജിസ്റ്ററും സൂക്ഷിക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ, മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലും പരിക്കേറ്റ് എത്തിച്ചയാളെ റഫർ ചെയ്ത് അയക്കേണ്ടി വന്നാൽ ഒരു രേഖയും സൂക്ഷിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.