ഇന്നത്തെ കച്ചവട ലാഭം ഹോട്ടൽ ഉടമകൾ ദുരിതാശ്വാസ നിധിയിലേക്ക്

നിലമ്പൂർ: പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനും. നിലമ്പൂർ താലൂക്കിലെ എല്ലാ അസോസിയേഷൻ അംഗങ്ങളും ശനിയാഴ്ചത്തെ കച്ചവട ലാഭം മുഴുവനായും മുഖ‍്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മുഖ‍്യമന്ത്രിയുടെ അഭ‍്യർഥന മാനിച്ച് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഒരു കോടി രൂപ കൊടുക്കാനാണ് തീരുമാനിച്ചത്. ഇതിൽ 25 ലക്ഷം രൂപ മുഖ‍്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബാക്കി തുക കൂടി കൊടുക്കുന്നതി‍​െൻറ ഭാഗമായാണ് അസോസിയേഷൻ ഒരു ദിവസത്തെ കച്ചവട ലാഭം ശേഖരിക്കുന്നത്. താലൂക്കിൽ 350 മെംബർമാരാണുള്ളത്. പത്ത് ലക്ഷത്തോളം രൂപ ഇവിടെനിന്ന് സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂന്ന് ലക്ഷതോളം രൂപയുടെ ഭക്ഷ‍്യകിറ്റും വസ്ത്രങ്ങളും ഇതിനകം താലൂക്ക് അസോസിയേഷൻ ദുരിതാശ്വാസ ക‍്യാമ്പുകളിൽ വിതരണം ചെയ്തിട്ടുണ്ട്. ധനസമാഹരണത്തിൽ ഹോട്ടൽ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികളും ഭാഗമാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. തിങ്കളാഴ്ചയാണ് സമാഹരണം തീരുമാനിച്ചിരുന്നതെങ്കിലും അന്ന് ദേശവ‍്യാപകമായി ബന്ദ് ആചരിക്കുന്നതിനാൽ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻറ് സ്ക്കറിയ ക്നാംതോപ്പിൽ, സെക്രട്ടറി അനസ് അത്തിമണ്ണിൽ, രാജകുമാർ ശാന്തിനഗർ, കമൽചന്ദ്ര ദേവിപാലസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.