സുഗന്ധവ്യഞ്​ജന വിളകളുടെ പൂപ്പല്‍ ബാധ പരിശോധിക്കാന്‍ അമരമ്പലത്ത് ശാസ്ത്രജ്ഞരെത്തി

പൂക്കോട്ടുംപാടം: പ്രകൃതിക്ഷോഭത്തിൽ സുഗന്ധ വിളകളുടെ നാശനഷ്ടങ്ങളും പ്രകൃതിക്ഷോഭം മൂലമുണ്ടായ രോഗകീട നഷ്ടത്തെക്കുറിച്ച് പഠിക്കാനും വേണ്ടി കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അമരമ്പലം ഗ്രാമപഞ്ചായത്തില്‍ പരിശോധന നടത്തി. പൊട്ടിക്കല്ല്, ടി.കെ കോളനി, പാട്ടക്കരിമ്പ്, കവളമുക്കട്ട എന്നീ പ്രദേശങ്ങളിലെ കാര്‍ഷിക വിളകളാണ് പരിശോധന നടത്തിയത്. കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് മൂലം അമരമ്പലം പഞ്ചായത്തിലെ നല്ലൊരു ശതമാനം സുഗന്ധവ്യഞ്ജന കൃഷികളും പാടെ നശിച്ചു. കുരുമുളക്, ജാതി, വാനില, ഇഞ്ചി, മഞ്ഞള്‍ ഉള്‍പ്പെടെയുള്ള കൃഷികളാണ് ഫംഗസ് രോഗബാധയെ തുടര്‍ന്ന് നശിക്കുന്നത്. ഇതേക്കുറിച്ച് വിദഗ്ധ പഠനം നടത്താനാണ് ശാസ്ത്രജ്ഞസംഘം കൃഷിത്തോട്ടങ്ങളില്‍ പരിശോധന നടത്തിയത്. പരിശോധനക്കായി സംഘം മണ്ണ്, കുരുമുളക്, ജാതി എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇടവപ്പാതിക്ക് മുമ്പ് 15 ദിവസം ഇടവിട്ട് രണ്ടുതവണ കുരുമുളക് വള്ളികള്‍ക്കും ജാതി മരങ്ങള്‍ക്കും തുരിശും കുമ്മായവും ചേര്‍ത്ത മിശ്രിതം തളിക്കുകയും ചെടികള്‍ക്കടിയില്‍ മണ്ണില്‍ ബാവിസ്റ്റിന്‍ മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത മിശ്രിതം ഒഴിക്കുകയും ചെയ്താല്‍ പൂപ്പല്‍ മുഖേനയുണ്ടാവുന്ന ദ്രുതവാട്ടം, പൊള്ളല്‍രോഗം തുടങ്ങിയവയില്‍നിന്നും കൃഷിയെ സംരക്ഷിക്കാനാവുമെന്നും വിദഗ്ധര്‍ പറഞ്ഞു. വിജ്ഞാന ഗവേഷണ കേന്ദ്രത്തിലെ ഗവേഷണവിഭാഗം ശാസ്ത്രജ്ഞനായ പി. രാജീവ്, പാത്തോളജി വിഭാഗം ശാസ്ത്രജ്ഞനായ ഈശ്വരഭട്ട്, അമരമ്പലം കൃഷിഭവന്‍ ഓഫിസര്‍ ലിജു എബ്രഹാം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഫോട്ടോ ppm 2 പൂക്കോട്ടുംപാടം കവളമുക്കട്ടയില്‍ ഭാരതീയ സുഗന്ധവിള വിജ്ഞാന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വിളരോഗങ്ങളെ കുറിച്ച് ചോദിച്ചറിയുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.