പാലക്കാട്: തനിക്കെതിരെയുള്ള ലൈംഗികാരോപണ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന പി.കെ. ശശിയുടെ വാക്കുകൾ വിരൽ ചൂണ്ടുന്നത് ജില്ലയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയിലേക്ക്. വി.എസ്-പിണറായി ഗ്രൂപ് പോര് ശമിച്ചതോടെ ജില്ലയിൽ പുതിയ ഗ്രൂപ് സമവാക്യങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടായ പഴയ ഔദ്യോഗിക ഗ്രൂപ്പുകളാണ് പുതിയ തലവേദന. ഷൊർണൂർ നിയമസഭ മണ്ഡലം പ്രതീക്ഷിച്ചിരുന്ന പി.കെ. സുധാകരനെ മറികടന്ന് പി.കെ. ശശി സ്ഥാനാർഥിയായതോടെയാണ് പഴയ ഔദ്യോഗിക ഗ്രൂപ് രണ്ടായത്. സി.ഐ.ടി.യു ജില്ല സമ്മേളനത്തിലും ഈ ഗ്രൂപ് പോര് നിഴലിച്ചിരുന്നു. ജില്ല കമ്മിറ്റി മുന്നോട്ട് വെച്ച പാനലിനെ അസംതൃപ്തരെ കൂടെ നിർത്തിയാണ് പുതിയ ഗ്രൂപ്പുകാർ നേരിട്ടത്. അന്നത്തെ നീക്കത്തിനും തെരഞ്ഞെടുപ്പിന് ശേഷം ഉയർന്ന മുറുമുറുപ്പിനും ജില്ല സമ്മേളനത്തിലാണ് പി.കെ. ശശി വിഭാഗം മറുപടി നൽകിയത്. പുതിയ ഗ്രൂപ്പിന് നേതൃത്വം നൽകിയ പി.കെ. സുധാകരനേയും എം. ഹംസയേയും ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. തന്നോട് ആഭിമുഖ്യമുള്ളവരെ ജില്ല സെക്രട്ടേറിയറ്റിൽ എത്തിക്കാനും പി.കെ. ശശിക്ക് സാധിച്ചു. ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറിയതിെൻറ അവസാന ഉദാഹരണമാണ് പി.കെ. ശശിക്കെതിരെ ഉയർന്നിട്ടുള്ള പുതിയ ആരോപണം. ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ മൗനപിന്തുണ ശശിക്കെതിരെ ആരോപണം ഉയർത്തിയ ഡി.വൈ.എഫ്.െഎ വനിത നേതാവിനുണ്ട്. ചൊവ്വാഴ്ച നടന്ന ജില്ല കമ്മിറ്റിയിൽ വിഷയം ചർച്ചയായില്ലെങ്കിലും തുടർദിവസങ്ങളിൽ വിഷയം സജീവമാക്കി നിലനിർത്താനും ഈ നേതാക്കൾ ശ്രമിക്കുന്നുണ്ട്. പി.കെ. ശശിക്കെതിരെ ഉയർന്ന പരാതിയുടെ പേരിൽ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ട് വന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കി എന്ന് കാണിച്ച് പി.കെ. ശശിക്കെതിരെ പട നയിക്കാനാണ് ഈ നേതാക്കളുടെ ശ്രമം. ജില്ലയിലെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിലും വിഷയത്തിൽ ഭിന്നിപ്പുണ്ട്. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.