തിരൂർ: ജില്ലക്ക് താൽക്കാലിക ആശ്വാസമായി കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചെങ്കിലും തിരൂരിനെ നോക്കുകുത്തിയാക്കി കടന്നുപോകുന്നത് ഇനിയും 30ഓളം ട്രെയിനുകൾ. കൂട്ടായ്മയുടെയും പ്രക്ഷോഭത്തിെൻറയും ഫലമായി അന്ത്യോദയക്ക് സ്റ്റോപ്പ് നേടിയെടുത്തെങ്കിലും മറ്റു ട്രെയിനുകളുടെ കാര്യത്തിൽ നടപടിയില്ല. ദീർഘദൂര ട്രെയിനുകളാണ് ജില്ലയിൽ എവിടെയും നിർത്താതെ കടന്നുപോകുന്നത്. ജനപ്രതിനിധികളും സംഘടനകളും ഒരുമിച്ചുനിന്നാൽ മറ്റു ട്രെയിനുകൾക്കും സ്റ്റോപ്പ് നേടിയെടുക്കാനാകുമെന്നാണ് യാത്രക്കാർ പറയുന്നത്. ഒറ്റക്കെട്ടായി സമ്മർദം ചെലുത്തിയാൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യാത്രക്കാർ പറയുന്നു. അതിന് രാഷ്ട്രീയം മറന്ന് ജില്ലയെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികൾ വിഷയം ഏറ്റെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സർവിസ് നടത്തുന്ന 12432 നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, കോട്ടയം വഴിയുള്ള 22654 നിസാമുദ്ദീൻ-തിരുവനന്തപുരം, ബുധനാഴ്ചകളിൽ മാത്രമുള്ള 22600 ഡെറാഡൂൺ-കൊച്ചുവേളി എക്സ്പ്രസ്, ചൊവ്വാഴ്ചകളിലെ 12484 അമൃത്സർ-കൊച്ചുവേളി എക്സ്പ്രസ്, വെള്ളി, ഞായർ ദിവസങ്ങളിലെ 12218 ഛത്തീസ്ഗഢ് കൊച്ചിവേളി സമ്പർക്കക്രാന്തി, ഞായർ, തിങ്കൾ ദിവസങ്ങളിലെ 19578 ജാംനഗർ-തിരുനെൽവേലി, വ്യാഴാഴ്ചകളിലെ 19332 ഇൻഡോർ കൊച്ചുവേളി, തിങ്കളാഴ്ചകളിലെ 16687 മംഗളൂരു-ജമ്മുതാവി എക്സ്പ്രസ്, വെള്ളിയാഴ്ചകളിലെ 22475 ബിക്കാനിർ-കോയമ്പത്തൂർ എ.സി സൂപ്പർഫാസ്റ്റ്, ശനിയാഴ്ചകളിലെ 22629 ദാദർ-തിരുനെൽവേലി എക്സ്പ്രസ്, ഞായാറാഴ്ചകളിലെ 22634 നിസാമുദ്ദീൻ-തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്, 22653 തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്, 22630 തിരുനെൽവേലി-ദാദർ, 12431 തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി, 22476 ബിക്കാനിർ എ.സി സൂപ്പർഫാസ്റ്റ് തുടങ്ങി 30ഓളം ട്രെയിനുകളാണ് ജില്ലയെ കൂകിത്തോൽപ്പിക്കുന്നത്. എന്നാൽ, ഈ ട്രെയിനുകൾക്കെല്ലാം മറ്റുജില്ലയിൽ ഓരോ സ്റ്റോപ്പ് വീതമുണ്ട്. ജില്ലയിലെ ദീർഘദൂര യാത്രക്കാരും അജ്മീർ, ഡൽഹി ജുമാമസ്ജിദ് അടക്കമുള്ള തീർഥാടന കേന്ദ്രങ്ങളിലേക്കും തിരിച്ച് ഉത്തരേന്ത്യയിൽനിന്ന് കോട്ടക്കൽ ആര്യവൈദ്യശാല, കാലിക്കറ്റ് സർവകലാശാല, തുഞ്ചൻപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കെത്തുന്ന യാത്രക്കാരും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.