കലക്ടർ ഇടപെട്ടു, സൗജന‍്യ റേഷൻ അരി നാളെ മുതൽ വിതരണം ചെയ്യും

നിലമ്പൂർ: താലൂക്കിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സർക്കാർ പ്രഖ‍്യാപിച്ച അഞ്ച് കിലോ സൗജന‍്യ റേഷൻ അരി വിതരണം ചെയ്തില്ലെന്ന പരാതിയിൽ കലക്ടർ ഇടെപട്ടു. തിങ്കളാഴ്ച ജില്ലയിലെ പ്രളയബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡുടമകൾക്കും അഞ്ച് കിലോ അരി സൗജന്യമായി ഉടൻ വിതരണം ചെയ്യണമെന്ന് ജില്ല കലക്ടർ അമിത് മീണ ബന്ധപ്പെട്ട അധികാരികളോട് നിർദേശിച്ചു. സർക്കാർ പ്രഖ‍്യാപിച്ച സൗജന്യ റേഷൻ ജില്ലയിൽ വിതരണം ചെയ്തിട്ടില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസാണ് കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയത്. ഡിസാസ്റ്റർ ആൻഡ് ഡിസാസ്റ്റർ മാനേജ്മ​െൻറ് നൽകിയ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ തീരുമാനം. ആഗസ്റ്റ് 22 നായിരുന്നു സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. വെള്ളപ്പൊക്ക കെടുതി ബാധിച്ച പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കുറക്കുന്നതി‍​െൻറ ഭാഗമായി അതത് താലൂക്കുകളിൽ എല്ലാ കാർഡുടമകൾക്കും അഞ്ച് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ഉത്തരവി‍​െൻറ ഉള്ളടക്കം. എന്നാൽ, നിലമ്പൂർ താലൂക്കിൽ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. സെപ്റ്റംബർ മൂന്നുവരെയാണ് ആനുകൂല്യം ലഭ്യമാക്കുക. ഞായറാഴ്ച റേഷൻ കടകൾക്ക് അവധിയായതിനാൽ പൊതുജനങ്ങൾക്ക് സർക്കാർ സൗജന്യ സഹായം ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര‍്യത്തിലാണ് കലക്ടറുടെ ഇടപെടൽ. ജില്ലയിലെ മുഴുവൻ പ്രളയബാധിത താലൂക്കുകളിലും സൗജന്യ റേഷൻ വിതരണം ചെയ്യും. ആനുകൂല്യം ലഭിക്കുന്നത് മൂന്നാം തീയതിയായി നിജപ്പെടുത്തിയത് അവധി നീട്ടി നൽകും. നിലമ്പൂർ താലൂക്ക് സൈപ്ല ഓഫിസ് പരിധിയിലെ പോത്തുകല്ല്, മൂത്തേടം, തിരുവാലി, കാളികാവ്, വെള്ളയ്യൂർ, തുവ്വൂർ, പോരൂർ, പുള്ളിപ്പാടം, മമ്പാട്, കരുവാരകുണ്ട്, ചുങ്കത്തറ, എടക്കര, നിലമ്പൂർ, അമരമ്പലം, കരുളായി, ചോക്കാട്, കുറുമ്പലങ്ങോട് എന്നീ വില്ലേജുകളിലെ റേഷൻ കടകളിൽ സർക്കാറി‍​െൻറ സൗജന്യ റേഷൻ തിങ്കളാഴ്ച മുതൽ ലഭ്യമാകും എന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.