മഞ്ചേരി മെഡിക്കൽ കോളജിൽ 15 പേർ എലിപ്പനി ബാധിതർ

മഞ്ചേരി: പ്രളയത്തിനുശേഷമുണ്ടായ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ആരോഗ്യവകുപ്പ് ആശങ്കപ്പെട്ടത് പോലെ എലിപ്പനി സാധ്യത കൂടി. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 15 പേർ ചികിത്സയിലാണ്. ഇവർക്ക് എലിപ്പനി ലക്ഷണമാണ്. എല്ലാവർക്കും സ്ഥിരീകരിച്ചിട്ടില്ല. എലിപ്പനി സ്ഥിരീകരിക്കാനുള്ള എലൈസ ടെസ്റ്റ് മെഡിക്കൽ കോളജ് ലാബിൽ നടത്തുന്നുണ്ട്. ആശുപത്രിയുടെ ലാബിൽനിന്ന് രക്തസാമ്പിളെടുത്ത് കോളജ് ലാബിലാണ് പരിശോധന. എലിപ്പനിക്ക് നേരത്തേ ആരോഗ്യവകുപ്പ് പ്രതിരോധമരുന്ന് കഴിക്കാൻ നിർദേശിച്ചതാണ്. എന്നാൽ, പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലും മറ്റും സജീവമായി പങ്കെടുത്ത ആരോഗ്യ ജീവനക്കാരും ഇവരോടൊപ്പമുണ്ടായിരുന്ന ചുരുക്കം പേരുമല്ലാതെ പ്രതിരോധമരുന്ന് കഴിച്ചിട്ടില്ല. വെള്ളത്തിലിറങ്ങി ജോലി ചെയ്തവരാണ് രോഗബാധിതർ എല്ലാം. ആശങ്കപ്പെടാനില്ലെന്നും എന്നാൽ, പനിബാധിച്ചാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. പനിബാധിച്ചവർക്ക് ആദ്യ മൂന്ന് ദിവസം മരുന്നു നൽകും. സുഖപ്പെട്ടില്ലെങ്കിൽ രക്തസാമ്പിളെടുത്ത് പരിശോധന നടത്തും. രക്തത്തിൽ പ്രകടമായ അണുബാധ കണ്ടെത്താൻ കുറഞ്ഞത് മൂന്നുദിവസമെങ്കിലും ആവും. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽതന്നെ എല്ലാവിധ ചികിത്സയും നൽകാൻ സജ്ജീകരണങ്ങളുണ്ട്. ഏറെ പഴക്കം വന്ന കേസുകളാണ് റഫർ ചെയ്യേണ്ടി വരുന്നത്. ഏതാനും ദിവസംകൂടി വെയിൽ നിലനിന്നാൽ ഡെങ്കി അടക്കം പകർച്ചപ്പനി കൂടാനും സാധ്യതയുണ്ട്. മെഡിക്കൽ കോളജിൽ എലിപ്പനി ബാധിച്ച് ഒരാഴ്ചമുമ്പ് ഒരുമരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേണ്ടവിധം മാലിന്യ സംസ്കരണം നടക്കാത്ത മേഖലകളിലാണ് എലിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തത്. മഞ്ചേരി, പൊന്നാനി നഗരസഭകളിൽ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ സൂചിപ്പിച്ചു. പ്രത്യേക ആപ് വഴി ദിവസവും രണ്ടുതവണ ആരോഗ്യ സ്ഥിതിവിവര കണക്കുകൾ ആരോഗ്യ ഡയറക്ടറേറ്റിലെ സ്റ്റേറ്റ് പ്രിവൻറിവ് കമ്യൂണിക്കബിൾ ഡിസീസ് സ​െൻററിലേക്ക് നൽകുന്നുണ്ട്. മൂന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും ഒരു ഡോക്ടറെയും ഒരുമാസത്തേക്ക് മെഡിക്കൽ കോളജിലേക്ക് അധികമായി നിയമിച്ചു. ജെ.എച്ച്.ഐമാർ ചുമതലയേറ്റു. ലാബിൽ തിരക്ക്; രക്തപരിശോധന ദുഷ്കരം മഞ്ചേരി: എലിപ്പനിയടക്കം രോഗങ്ങൾ സ്ഥിരീകരിക്കാൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തപരിശോധ നടത്തൽ ഏറെ ദുഷ്കരം. ദിവസത്തിൽ 3000 രക്തസാമ്പിളുകൾ വരെയാണ് ഈ ലാബിൽ ലഭിക്കുന്നത്. എന്നാൽ, അതിനുള്ള ജീവനക്കാരോ മെഷീനുകളോ ഇല്ല. രാവിെലത്തെ ഷിഫ്റ്റിൽ ഒമ്പത്, ഉച്ചക്ക് ശേഷം നാല്, രാത്രി മൂന്ന് എന്നിങ്ങനെയാണ് ജീവനക്കാരുടെ വിന്യാസം. രാത്രിയിലടക്കം ലാബിനു മുന്നിൽ നീണ്ട വരി നേരത്തേയുള്ളതാണ്. രക്തസാമ്പിൾ നൽകിയാൽ നാലോ അഞ്ചോ മണിക്കൂർ കഴിഞ്ഞ് ഫലം നൽകിയിരുന്നത് ഇപ്പോൾ നൽകാനാവുന്നില്ല. ഒ.പിയിലും ഐ.പിയിലും ഉള്ള രോഗികളുടെ ആധിക്യമാണ് കാരണം. നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ ജില്ല ആശുപത്രികളിൽനിന്നും ആറ് താലൂക്ക് ആശുപത്രികളിൽനിന്നും 90ഒാളം ആരോഗ്യ കേന്ദ്രങ്ങളിൽനിന്നും ഇവിടേക്ക് റഫർചെയ്ത് രോഗികളെത്തുന്നുണ്ട്. ലാബിൽ സൗകര്യങ്ങൾ വിപുലപ്പെടുത്താൻ മാർഗമുണ്ടെങ്കിലും മുറികളില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.