ആദിവാസി കുട്ടികളെ കൈയിലെടുത്ത് ഗുലാം നബി

ഊർങ്ങാട്ടിരി: ഓടക്കയത്തെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായവർക്ക് ആശ്വാസമായെത്തിയ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ദുരിതബാധിതരോട് ഹൃദയം തുറന്ന് സംസാരിച്ച ശേഷം നേരെ കയറിയത് ആദിവാസി കുട്ടികൾ പഠിക്കുന്ന ഓടക്കയം ഗവ. യു.പി സ്കൂളിലേക്ക്. ഓരോ കുഞ്ഞുങ്ങളോടും കൈ പിടിച്ച് കുശലന്വേഷണം നടത്തിയ അദ്ദേഹം നിമിഷങ്ങൾ കൊണ്ട് കുട്ടികളെ കൈയിലെടുത്തു. തോക്കേന്തിയ കരിമ്പൂച്ചകളെ കണ്ട് പേടിച്ച് മാറിനിന്ന കുട്ടികളോട് അദ്ദേഹം അടുത്ത് പെരുമാറിയതോടെ ഒരോരുത്തരായി ഗുലാം നബി ആസാദി​െൻറ അടുത്ത് വന്നിരുന്നു. പേരറിയില്ലെങ്കിലും വലിയ ഏതോ ആളാണ് തങ്ങളുടെ അതിഥി എന്ന് മനസ്സിലാക്കിയ കുട്ടികൾ ഹസ്തദാനം നൽകാൻ തിരക്ക് കൂട്ടി. ഉരുൾപൊട്ടലിൽ ഒരുപാട് ദിവസം ക്യാമ്പിൽ കഴിഞ്ഞ കുട്ടികളോട് പേടിക്കരുതെന്നും പഠിച്ച് വലിയ ആളുകളായി നാടിന് അഭിമാനമാകണമെന്നും അവർക്ക് മനസ്സിലാകുന്ന ഇംഗ്ലീഷിൽ ലളിതമായി അദ്ദേഹം ഉപദേശിച്ചു. കൂടെ നിന്ന് ഫോട്ടോ എടുക്കാൻ തിരക്ക് കൂട്ടിയവർക്കെല്ലാം അവസരം നൽകിയാണ് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.