ഊർങ്ങാട്ടിരിയിലെ ദുരിതബാധിത പ്രദേശം ഗുലാം നബി ആസാദ് സന്ദർശിച്ചു

ഊർങ്ങാട്ടിരി: മൂന്ന് മണിക്കൂറിനിടെ 34 സ്ഥലങ്ങളിൽ ഉരുൾപൊട്ടി, ഏഴുപേർക്ക് ജീവൻ നഷ്ടമായ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയത്ത് രാജ്യസഭ പ്രതിപക്ഷ നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഗുലാം നബി ആസാദ് സന്ദർശനം നടത്തി. ദുരന്തം നടന്ന നെല്ലിയായി ആദിവാസി കോളനിയിൽ എത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും നഷ്ടമായ സുഭീഷിനെ നെഞ്ചോട് ചേർത്ത് പിടിച്ച് പത്ത് മിനിറ്റോളം സംസാരിച്ച ഗുലാം നബി ആസാദ്, ഇവരുടെ കുടുംബത്തെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശിനോടാവശ്യപ്പെട്ടു. തുടർന്ന് ഓടക്കയം ഗവ. യു.പി സ്കൂളിനരികെയുള്ള ദുരിതബാധിതരെ പാർപ്പിച്ചിരിക്കുന്നിടത്ത് കാൽനടയായെത്തി. ഉരുൾപൊട്ടലിൽ ഭാര്യയെ നഷ്ടപ്പെട്ട ചേന്നന് അരികിലെത്തി ആശ്വസിപ്പിച്ചു. മകൻ പ്രേമനോട് കാര്യങ്ങൾ ആരാഞ്ഞു. ഉച്ചക്ക് 1.30ഓടെ ചാലിയാർ പഞ്ചായത്തിലേക്ക് തിരിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, എം.ഐ. ഷാനവാസ് എം.പി, പി.കെ. ബഷീർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി. അബ്ദുൽ മജീദ്, കെ.പി.സി.സി അംഗങ്ങളായ ഇ. മുഹമ്മദ് കുഞ്ഞി, ആര്യാടൻ ഷൗക്കത്ത്, എം.പി. മുഹമ്മദ്, എം. ഹരിപ്രിയ, ഡി.സി.സി സെക്രട്ടറിമാരായ അജീഷ് എടാലത്ത്, സക്കീർ പുല്ലാര, മണ്ഡലം പ്രസിഡൻറ് സി.ടി. റഷീദ് എന്നിവരും ഗുലാം നബിക്കൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.