മലപ്പുറം: പ്രളയബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിെല റോഡുകൾ പുതുക്കിപ്പണിയുന്നതിന് ടെൻഡർ നടപടികൾ ഒഴിവാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുമെന്ന് പി. ഉബൈദുല്ല എം.എൽ.എ. മലപ്പുറം നിയോജക മണ്ഡലത്തിലെ പ്രളയക്കെടുതി വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണഭോക്തൃ സമിതികൾ രൂപവത്കരിച്ച് റോഡുകൾ പുനർനിർമിക്കാൻ അനുവാദം തേടും. പുനർനിർമാണത്തിന് കാലതാമസം വരാതിരിക്കാനാണിത്. തകർന്ന അംഗൻവാടി കെട്ടിടങ്ങൾക്ക് പകരം പുതിയവ നിർമിക്കാനും അപകട ഭീഷണിയുള്ളവ മാറ്റി സ്ഥാപിക്കാനും എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ സ്ഥലം ഏറ്റെടുത്ത് നൽകണം. കടലുണ്ടിപ്പുഴയുടെ തീരങ്ങളിലുള്ള വീടുകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ റിവർ മാനേജ്മെൻറ് ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുമെന്നും എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സലീന, മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, എ.ഡി.എം വി. രാമചന്ദ്രൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.