മഞ്ചേരി: ഭക്ഷ്യഭദ്രതക്ക് കാവലാകാൻ സംസ്ഥാനതലം മുതൽ റേഷൻകട പരിധിവരെ പൊതുജനങ്ങളെയും സർക്കാർ പ്രതിനിധികളെയും ഉൾപ്പെടുത്തി വിജിലൻസ് കമ്മിറ്റി വരുന്നു. റേഷൻ വിതരണം കുറ്റമറ്റതാക്കാനാണ് കമ്മിറ്റി. സംസ്ഥാനം, ജില്ല, താലൂക്ക്, റേഷൻകട പരിധി എന്നിങ്ങനെ നാലുമേഖലയിലാണ് കമ്മിറ്റി വരിക. സംസ്ഥാനതലത്തിൽ പൊതുവിതരണ വകുപ്പ് മന്ത്രി അധ്യക്ഷനും വകുപ്പ് സെക്രട്ടറി കൺവീനറുമാവും. സാമൂഹിക നീതി മന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, സർക്കാർ നിർദേശിക്കുന്ന അഞ്ച് പാർലമെൻറ് അംഗങ്ങൾ, നിയമസഭ പ്രാതിനിധ്യമുള്ള പാർട്ടികളിൽനിന്ന് ഒാരോ പേർ വീതം, വിദ്യാഭ്യാസം, എസ്.സി, എസ്.ടി, സാമൂഹിക നീതി സെക്രട്ടറിമാർ, ഭക്ഷ്യ കമീഷൻ ചെയർമാൻ, ഉപഭോക്തൃതർക്ക പരിഹാര കമീഷൻ ചെയർമാൻ, സിവിൽ സപ്ലൈസ്, സാമൂഹിക നീതി, വിദ്യാഭ്യാസം, സപ്ലൈകോ എന്നിവയുടെ ഡയറക്ടറുമാർ, എഫ്.സി.ഐ ജനറൽ മാനേജർ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വനിതയടക്കം മൂന്നുപേർ എന്നിങ്ങനെയാണ് കമ്മിറ്റി അംഗങ്ങൾ. റേഷൻകട തലത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻ ചെയർമാനും റേഷനിങ് ഇൻസ്പെക്ടർ കൺവീനറുമാവും. പ്രസ്തുത തദ്ദേശ സ്ഥാപനത്തിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഗ്രാമസഭ നിർദേശിക്കുന്ന ഒാരോ അംഗങ്ങൾ, പട്ടികജാതി-വർഗം, ഭിന്നശേഷി, വനിത പ്രാതിനിധ്യത്തോടെ ഗ്രാമസഭ നിർദേശിക്കുന്ന നാലു കാർഡുടമകൾ, വില്ലേജ് ഒാഫിസർ, എച്ച്.ഐ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും ഗ്രാമസഭ നിർദേശിക്കുന്നവരുമായ ഒരു സാമൂഹിക പ്രവർത്തകൻ, ഒരു ഉപഭോക്തൃ സംഘടന പ്രവർത്തകൻ എന്നിവരെ ഉൾപ്പെടുത്തണം. റേഷൻകടയിലെ സ്റ്റോക്ക്, അനുബന്ധ രേഖകൾ, സോഷ്യൽ ഒാഡിറ്റ് റിപ്പോർട്ടുകൾ എന്നിവ വിശദ പരിശോധന നടത്തി ഗ്രാമസഭയിൽ അവതരിപ്പിക്കണം. ഇതിനായി മൂന്നുമാസത്തിൽ ഒരിക്കൽ യോഗം ചേരണം. താലൂക്ക്, ജില്ലതലത്തിലും ഇതേ മാതൃകയിലാണ് വിജിലൻസ് കമ്മിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.