പൂക്കിപ്പറമ്പ്-പതിനാറുങ്ങല്‍ ബൈപാസ് പദ്ധതി: സാധ്യത പഠനം ഉടന്‍ പൂര്‍ത്തിയാക്കും തിരൂരങ്ങാടി: പൂക്കിപ്പറമ്പ്-പതിനാറുങ്ങല്‍ ബൈപാസ് പദ്ധതിയുടെ സാധ്യതപഠനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനം. വ്യാഴാഴ്ച രാവിലെ പി.കെ. അബ്ദുറബ്ബ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിർദിഷ്ട സ്ഥലത്ത് സർവേ നടത്തി 12 മീറ്റര്‍ വീതിയില്‍ കല്ലുകള്‍ പാകും. അതിന് മുന്നോടിയായി ഭൂമി നഷ്ടപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കും. വയലിലൂടെ റോഡ് പോകുന്ന ഭാഗങ്ങളില്‍ ഈ മഴക്ക് മുമ്പ് പഠനം പൂര്‍ത്തിയാക്കാനും സർവേ കല്ലുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂര്‍ തോടിനുസമീപം പാടം ഏറ്റെടുക്കും. തെന്നല- പൂക്കിപ്പറമ്പ് ദേശീയപാതയോരത്തുനിന്ന് ആരംഭിച്ച പഠനം കുണ്ടൂര്‍ മൂലക്കലില്‍ എത്തിയിട്ടുണ്ട്. ഭൂമി നൽകുന്നവർക്ക് പരമാവധി നഷ്ടപരിഹാരം ലഭിക്കുന്ന തരത്തില്‍ പദ്ധതി തയാറാക്കണമെന്ന് എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. പഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീന്‍, തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്‌സൻ കെ.ടി. റഹീദ, നന്നമ്പ്ര പഞ്ചായത്ത് ഇന്‍ചാർജ് പ്രസിഡൻറ് ഇ.പി. മുജീബ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങൽ, ഷമീര്‍ പൊറ്റാണിക്കൽ, എ.സി. ഫൈസല്‍, കെ. കുഞ്ഞിമരക്കാര്‍, യു.എ. റസാഖ്, പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനിയര്‍ അബ്ദുല്ല, ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ കല്ലുങ്ങല്‍ റിയാസ്, കെ. അനീസ്, വിജിന്‍, ടി.കെ. നാസര്‍ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഫോട്ടോ: പൂക്കിപ്പറമ്പ്-പതിനാറുങ്ങല്‍ ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട് പി.കെ. അബ്ദുറബ്ബ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.