അരീക്കോട്: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിനിടെ യു.ഡി.എഫ് അംഗങ്ങളും പുറത്ത് നിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. ബഹളത്തിനും വാഗ്വാദത്തിനുമൊടുവിൽ പൊലീസ് കാവലിൽ യോഗം പൂർത്തിയാക്കി. അരീക്കോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് സംഭവം. മുണ്ടമ്പ്ര 17ാം വാർഡിലെ കാരമുറ്റം പട്ടികജാതി കോളനിയിലേക്കനുവദിച്ച കുടിവെള്ള പദ്ധതി പറക്കാട് നാല് സെൻറ് കോളനിയിലേക്ക് മാറ്റണമെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആവശ്യം. തുടർന്ന് പ്രവർത്തകർ ഭരണസമിതി യോഗത്തിലേക്ക് ഇരച്ചുകയറി. കുടിവെള്ള പദ്ധതി പൊതുവിഭാഗം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തേക്ക് മാറ്റാൻ സാങ്കേതികതടസ്സമുണ്ടെന്നും ഇതുസംബന്ധിച്ച് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യണമെന്നും പഞ്ചായത്ത് പ്രസിഡൻറ് എ. മുനീറ പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം ഉമ്മർ വെള്ളേരിയും പരാതി നൽകി. എന്നാൽ, കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിയെ സമീപിച്ചവരെ യു.ഡി.എഫ് അംഗങ്ങൾ മർദിച്ചെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. രതീഷടക്കമുള്ള നാലുപേർ യു.ഡി.എഫുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു. സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ. മുസ്തഫ, കെ. അബ്ദുറഹ്മാൻ, കെ. സാദിൽ, കെ. രതീഷ് എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണം അരീക്കോട്: ഭരണസമിതി യോഗം അലങ്കോലമാക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് നൗഷർ കല്ലട അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.