നിലമ്പൂർ: അടുത്തിടെ വഴിക്കടവിലെ വിവിധ പ്രദേശങ്ങളിൽ നടന്ന മോഷണ പരമ്പരക്ക് തുമ്പായി. വള്ളിക്കാട് മഹാദേവ ക്ഷേത്രത്തിൽ മാർച്ച് 16ന് നടന്ന മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ ചോദ‍്യം ചെയ്യുന്നതിനിടെയാണ് തെളിയിക്കപ്പെടാതെ കിടന്നിരുന്ന വഴിക്കടവിലെ മറ്റ് ആറു മോഷണങ്ങൾ കൂടി തെളിഞ്ഞത്. ഇതോടെ വഴിക്കടവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മുഴുവൻ മോഷണക്കേസുകളും തെളിയിക്കപ്പെട്ടു. എല്ലാ മോഷണക്കേസുകളും തെളിയിക്കപ്പെട്ട ജില്ലയിലെ ഏക പൊലീസ് സ്റ്റേഷനും വഴിക്കടവാണ്. ഏപ്രിൽ 13ന് നിലമ്പൂരിൽ നടന്ന മോഷണക്കേസിൽ പിടിയിലായി മഞ്ചേരി സബ് ജയിലിൽ കഴിയുകയായിരുന്ന വഴിക്കടവ് പൂവ്വത്തിപൊയിലിലെ വാകയിൽ അക്ബറിനെ (51) കസ്റ്റഡിയിൽ വാങ്ങി ചോദ‍്യം ചെയ്യുന്നതിനിടെയാണ് തെളിയിക്കപ്പെടാതെ കിടന്നിരുന്ന മറ്റു കേസുകൾക്കും തുമ്പുണ്ടായത്. വള്ളിക്കാട് മഹാദേവക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് വഴിക്കടവ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച 7000 രൂപയുടെ നാണയങ്ങൾ ഒളിപ്പിച്ചുവെച്ച കെട്ടുങ്ങലിലെ വാഴത്തോട്ടവും പ്രതി കാണിച്ചു കൊടുത്തു. നാണയ തുണ്ടുകൾ ചുമന്ന് കൊണ്ടുപോകുവാൻ പ്രയാസമായതിനാൽ വാഴത്തോട്ടത്തിൽ കുഴിച്ചിട്ട ശേഷം ആയിരം രൂപ വീതമാണ് പിന്നീട് കൊണ്ടുപോയത്. മണ്ണാർക്കാട് വെച്ച് ബസ് ജീവനക്കാർക്ക് നാണയങ്ങൾ കൈമാറി നോട്ടുകളാക്കുകയായിരുന്നുവെന്നാണ് മൊഴി. വഴിക്കടവ് ടൗണിലെ കണ്ടോളത്ത് രതീഷ്, കെട്ടുങ്ങലിലെ വടക്കേപറമ്പൻ അസ്കർ, കെട്ടുങ്ങലിലെ കല്ലിങ്ങൽ മൂസ, വെട്ടുക്കത്തികോട്ടയിലെ തെക്കൻ ആലി, കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മജീദ് എന്നിവരുടെ വീടുകളിൽ നടന്ന മോഷണങ്ങളാണ് തെളിയിക്കപ്പെട്ടത്. പണവും സ്വർണാഭരണങ്ങളും ഇവിടങ്ങളിൽനിന്നും മോഷണം പോയിരുന്നു. കസ്റ്റഡി സമയം കഴിഞ്ഞ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പുതിയതായി തെളിഞ്ഞ കെസുകളിലെ അന്വേഷണങ്ങൾക്കായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും. വഴിക്കടവ് അഡീഷനൽ എസ്.ഐ കെ. അജയ്കുമാർ, എ.എസ്.ഐ എം. അസൈനാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുജീബ്, സി.പി.ഒമാരായ എൻ.പി. സുനിൽ, എം. നജീബ്, സജീഷ് കരുളായി, ടോണി, വനിത സി.പി.ഒ സുനിത എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് മോഷണക്കേസുകൾക്ക് തുമ്പുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.