നിലമ്പൂർ: കെ.എഫ്.ആർ.ഐ നിലമ്പൂർ സബ് സെൻററിലെ വനിത തൊഴിലാളികളുടെ നിരാഹാരസമരം രണ്ടാംദിവസം പിന്നിട്ടു. 24ഉം 17ഉം വർഷമായി ഇവിടെ താൽക്കാലിക തൊഴിൽ ചെയ്തുവരുന്ന ബിന്ദുവും ബിനയുമാണ് സമരരംഗത്തുള്ളത്. തങ്ങളെ പുതിയ ലിസ്റ്റിൽനിന്ന് തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് വിധവകൾകൂടിയായ ഇവർ കേന്ദ്രം കവാടത്തിന് മുന്നിൽ നിരാഹാരസമരം അനുഷ്ഠിക്കുന്നത്. ബുധനാഴ്ചയാണ് സമരം തുടങ്ങിയത്. ജോലിസമയമായ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്നുവരെയാണ് സമരം. തങ്ങളെ ഒഴിവാക്കിയ നടപടി പിൻവലിക്കും വരെ സമരം തുടരാനാണ് ഇരുവരുടേയും തീരുമാനം. പുതിയ ലിസ്റ്റിൽ ഇവരെകൂടി ഉൾപ്പെടുത്താനുള്ള നടപടി ഉണ്ടാവണമെന്ന് സബ്സെൻറർ ഇൻചാർജുള്ള ശാസ്ത്രജ്ഞൻ ഡോ. കെ. ചന്ദ്രശേഖര പീച്ചി വനം ഗവേഷണ കേന്ദ്രത്തിലേക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, ജോലിയിൽ പ്രവേശിപ്പിക്കാമെന്നുള്ള രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന നിലപാടിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.