നിലമ്പൂർ: ചാലിയാർ മാലിന്യമുക്തമാക്കുന്നതിനായി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ 193,59,19,391 കോടിയുടെ ജനകീയ പദ്ധതിവരുന്നു. വ‍്യാഴാഴ്ച മലപ്പുറം കലക്ടറേറ്റിൽ ജില്ല കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കർമപദ്ധതിക്ക് അംഗീകാരം നൽകി. നിലമ്പൂർ ബ്ലോക്ക് പരിധിയിൽവരുന്ന ചാലിയാർപുഴയും അനുബന്ധ 12 പോഷക നദികളും അതിലേക്കുള്ള നീർച്ചാലുകളും മാലിന്യ മുക്തമാക്കി പുഴയും മറ്റു ജലസ്രോതസ്സുകളും സംരക്ഷിക്കുന്ന പദ്ധതി മൂന്നുവർഷം കൊണ്ട് പൂർത്തീകരിക്കും. തുടർന്ന് നഗരസഭയിലേക്കും ചാലിയാർ കടന്നുപോവുന്ന മറ്റു ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. പദ്ധതിയുടെ ഭാഗമായി ജല ധവളപത്രം പ്രസിദ്ധീകരിക്കും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ, വിവിധ വകുപ്പുകളുടെ ഫണ്ട്, റിവർ മാനേജ്മെൻറ് ഫണ്ട്, സി.എസ്.ആർ ഫണ്ട് എന്നിവ െചലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരും പദ്ധതിയുടെ ഭാഗമാവും. പഞ്ചായത്തുകളിൽ ഗ്രീൻ ടെക്നോളജി സെൻററുകൾ, എം.ആർ.എഫ് സെൻറർ, പഞ്ചായത്തുകളിൽ എം.സി.എഫ് സെൻററുകൾ, പുഴ സൗന്ദര്യവത്കരണം, കടവ് കെട്ടൽ, പുഴക്കൂട്ടങ്ങൾ, കുട്ടിക്കൂട്ടങ്ങൾ, വന സംരക്ഷണ സമിതികൾ, മത്സ്യകുളങ്ങൾ, ആഘോഷങ്ങളെ മാലിന്യ മുകതമാക്കൽ, ബോധവത്കരണത്തിനായി നാടകം, ചിത്രപ്രദർശനം, ഡോക്യുമെൻററി പ്രദർശനം തുടങ്ങി വ്യത്യസ്തമായ പരിപാടികൾ പദ്ധതിയുടെ ഭാഗമായി നടക്കും. കാരക്കോടൻ പുഴയിലെ ടൂറിസം പദ്ധതിയും ഇതോടൊപ്പം വിഭാവനം ചെയ്യുന്നുണ്ട്. യോഗത്തിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ പദ്ധതി വിശദീകരിച്ചു. നിലമ്പൂർ നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി.ടി. ഉസ്മാൻ, സി.ടി. രാധാമണി, ആലീസ് അമ്പാട്ട്, കെ. സ്വപ്ന, ജില്ല പ്ലാനിങ് ഓഫിസർ പി. പ്രദീപ് കുമാർ, ജനപ്രതിനിധികൾ, ജില്ലതല ഉദ‍്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പടം:4 ചാലിയാർ മാലിന‍്യമുക്ത പദ്ധതിയിലേക്ക് വിഭാവനം ചെയ്ത കാരക്കോടൻ പുഴ ടൂറിസം പദ്ധതി പ്രദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.