തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വിവിധ കോഴ്സുകൾക്കായി നൽകുന്ന തുല്യത, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കാൻ തീരുമാനം. സർട്ടിഫിക്കറ്റുകൾ വൈകുന്നതായ വിദ്യാർഥികളുടെ പരാതിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വള്ളിക്കുന്ന് മണ്ഡലം എം.എസ്.എഫ് ഭാരവാഹികൾ സർവകലാശാല രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വിഷയം ബന്ധപ്പെട്ട സെക്ഷനിലെ മേലധികാരിയോട് രജിസ്ട്രാർ നേരിട്ട് വിശദീകരണം തേടി. വിദ്യാർഥികൾക്ക് നൽകുന്ന സേവനങ്ങൾ സമയബന്ധിതമായി നൽകുമെന്നും വിദ്യാർഥികളുടെ കാത്തിരിപ്പ് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും രജിസ്്ട്രാർ ഉറപ്പ് നൽകിയതായി എം.എസ്.എഫ് ഭാരവാഹികൾ പറഞ്ഞു. മണ്ഡലം എം.എസ്.എഫ് പ്രസിഡൻറ് റാഷിദ് പഴേരി, ജനറൽ സെക്രട്ടറി ടി.പി. നബീൽ, ട്രഷറർ നസീഫ് ഷെർഷ്, ഭാരവാഹികളായ ഷമീൽ, സി.കെ. സഹീർ അലി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.