ടയര്‍ റീട്രെഡിങ്​: സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ വൻ ലാഭമെന്ന്​ കെ.എസ്​.ആർ.ടി.സി

എടപ്പാള്‍: ടയര്‍ റീട്രെഡിങ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ വലിയ ലാഭമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മ​െൻറ്. നഷ്ടക്കണക്ക് നിരത്തി സമരരംഗത്തുള്ള എംപാനല്‍ ജീവനക്കാരും. അധികജോലിഭാരത്തില്‍ പ്രതിഷേധിച്ച് ടയര്‍ റീട്രെഡിങ് വിഭാഗത്തിലെ എംപാനല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി ടയര്‍ റീട്രെഡിങ്ങിന് സ്വകാര്യ കമ്പനികളെ ആശ്രയിച്ചപ്പോഴുള്ള ലാഭക്കണക്കുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഒരു ടയര്‍ റീട്രെഡിങ് ചെയ്യാന്‍ സ്വന്തം യൂനിറ്റുകളില്‍ 1105 രൂപയാണ് െചലവ് വരുന്നതെന്നാണ് കെ.എസ്.ആർ.ടി.സി കണക്ക്. എന്നാൽ, സ്വകാര്യ കമ്പനികള്‍ക്ക് ടയര്‍ റീ ട്രെഡ് ചെയ്യാന്‍ നല്‍കുന്നത് 800 രൂപ മുതല്‍ 825 രൂപക്കാണ്. ഇത്തരത്തില്‍ ഒരു ദിവസം 300 ടയറുകള്‍ സ്വകാര്യ കമ്പനി വഴി റീട്രെഡ് ചെയ്യുമ്പോള്‍ 80,000 രൂപക്ക് മുകളിൽ, ഒരു വര്‍ഷം മൂന്ന് കോടിയിലേറെയും രൂപ ലാഭം ലഭിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അവകാശവാദം. എന്നാല്‍, 480 രൂപ ദിവസക്കൂലിക്ക് എംപാനല്‍ ജീവനക്കാര്‍ നിലവില്‍ ഒരുദിവസം ആറ് ടയറുകള്‍ റീട്രെഡ് ചെയ്യുമ്പോള്‍ ഒരു ടയറിന് കൂലിയിനത്തില്‍ െചലവ് വരുന്നത് 80 രൂപ മാത്രമായിരിക്കെ 800 മുതല്‍ 1750 രൂപ വരെ വിവിധ സ്വകാര്യ കമ്പനികള്‍ക്ക് റീട്രെഡിങ്ങിന് നല്‍കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം വര്‍ഷത്തില്‍ കോടിക്കണക്കിന് വരുമെന്നാണ് എംപാനല്‍ പറയുന്നത്. നേരത്തേ ആറ് ടയറുകളാണ് ദിവസവും ഒരു ജീവനക്കാരന്‍ റീട്രെഡ് ചെയ്യേണ്ടത്. പ്രൊഡക്ടിവിറ്റി കൗണ്‍സിലി​െൻറ നിര്‍ദേശ പ്രകാരം ഈ മാസം മുതലാണ് പത്ത് ടയര്‍ എന്നതിലേക്ക് ഉയര്‍ത്തിയത്. നിലവിലെ ജോലി സമയത്തിനുള്ളില്‍ 10 ടയര്‍ റീട്രെഡ് ചെയ്യാന്‍ കഴിയില്ലെന്ന് എംപാനല്‍ ജീവനക്കാര്‍ മാനേജ്മ​െൻറിനെ അറിയിച്ചതിനെ തുടര്‍ന്ന് ഏതാനും എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ഇതി​െൻറ പാശ്ചാത്തലത്തിലാണ് എംപാനല്‍ ജീവനക്കാര്‍ ജോലിക്ക് കയറാതെ സമരരംഗത്തിറങ്ങിയത്. സ്ഥിരംജീവനക്കാര്‍ പഴയപോലെ ആറ് ടയറുകള്‍ മാത്രമാണ് ഇപ്പോഴും റീട്രെഡ് ചെയ്യുന്നത്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചതായി കെ.എസ്.ആർ.ടി.സി മാനേജ്മ​െൻറ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.